Story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജൂലൈ 14, 2017

പാരിജാതം.

  പാരിജാതം.
   ചെറുകഥ.

അറിയില്ലാത്ത നമ്പരാണ് എടുക്കണമോ വേണ്ടയോ, അവന്‍ ഒന്നറച്ചു എടുക്കാം അപ്പോഴേക്കും ഫോണ്‍ കട്ടായി. ഹോ .. രക്ഷപെട്ടു എന്നാശ്വസിച്ചു തിരികെ പണികളിലേയ്ക്ക് കടന്നു ഇന്ന് ആണ് ആകെയുള്ള ഒരവധി എത്രയാ ജോലികൾ റൂം വൃത്തിയാക്കണം തുണികൾ അലക്കണം ഭക്ഷണം ഉണ്ടാക്കണം അങ്ങനെ അങ്ങനെ കുറെ ജോലികൾ സ്വയം പിറുപിറുത്തുകൊണ്ട് ജോലികളിൽ വ്യാപൃതനായ്.

വീണ്ടും ഫോൺ അടിക്കുന്നു. നേരത്തെ വിളിച്ച അതെ നമ്പർ നെറ്റ് കാളാണ് കുറെ സീറോകൾ ഇപ്പോൾ കള്ളന്മാർ നമ്മുടെ ഡീറ്റൈലുകൾ അടിച്ചുമാറ്റാൻ വിളിക്കുന്ന കാര്യം വായിച്ചത് ഓർമ്മവന്നു. അൽപ്പനേരം അതിൽ തന്നെ നോക്കിയിരുന്നു. ആരാ നമ്മളെ ഇങ്ങോട്ട് വിളിക്കാൻ ചിന്തകൾ അങ്ങനെ വേട്ടയാടാൻ തുടങ്ങിയപ്പോൾ എടുത്തു.

ഹലോ ..
ഹലോ .. ഹലോ ..

മറുപുറത്തു നിന്ന് ശബ്ദം ഒന്നും വരുന്നില്ല.

കുറച്ചുകൂടി ഗൗരവത്തിൽ ചോദിച്ചു ഹലോ ...

ഹലോ ... മറുതലയിൽ നിന്ന് മൃദുലമായ മറുപടി വന്നു പെൺ ശബ്ദമാണ് ..

വിനയൻ
അല്ല .
സോറി റോങ്ങ് നമ്പർ ..
ലൈൻ കട്ട് ചെയ്തു തിരികെ കിച്ചനിലേയ്ക്ക് നടക്കുമ്പോൾ മുറുമുറുത്തു

വിനയൻ ആണോ !
പിന്നല്ലാതെ വിനയൻ പിന്നെ പെണ്ണാണോ ..

ഉള്ളി എടുത്തു തൊലികളഞ്ഞു തുടങ്ങി. പതിവുപോലെ കണ്ണ് അതിൻ്റെ പണി തുടങ്ങി. ഇപ്പോൾ ആകെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നത് ഈ ഉള്ളി അരിയുമ്പോൾ മാത്രമാണ് . അവനോർത്തു. പണ്ട് ദുരിതങ്ങളുടെ സങ്കടക്കടൽ എല്ലാം ദിവസവും തുടങ്ങുന്നതും ഒടുങ്ങുന്നതും മനമുരുകുന്ന കണ്ണീർ മഴയിൽ ആയിരിന്നു.

അവന്‍റെ ഓർമ്മകൾ ബാല്യത്തിലേയ്ക് യാത്രയായ്..
ഓലമേഞ്ഞ ഒറ്റമുറി വീട് മുന്നിൽ തെളിഞ്ഞു വന്നു. അടുക്കള പാതിയും ഓലകൊണ്ട് കുത്തിമറഞ്ഞിരിന്നു. മൂന്ന് കല്ലുകൾ കൂട്ടിയ അടുപ്പിൽ പുക ഉയരുന്നത് സന്തോഷദിനങ്ങൾ ആയിരിന്നു. കപ്പ പുഴുക്കും മുളക് ഉടച്ചതും എന്ത് സ്വാദ് ആയിരിന്നു. മൺകലത്തിൽ അരനാഴി അരിയിൽ നിറയെ വെള്ളമൊഴിച്ച കഞ്ഞിയിൽ ഒരു പറ്റ് കിട്ടുന്നത് ആഹ്ളാദമായിരുന്നു. എങ്കിലും മനസിന് അനന്തമുണ്ടായിരുന്നു. ഓടിക്കളിച്ചിരുന്ന ബാല്യത്തിൽ തോളിൽ കയറി കുത്തിമറിയാൻ കൂട്ടത്തിലെ തടിയൻ മടിയില്ലാതെ താഴ്ന്നു തരുമായിരുന്നു. അതൊക്കെ ഒരുകാലം ഇന്നോ .. വെറുതെ അവനോർത്തു കറി അടുപ്പത്താക്കി അതാ ഫോൺ വീണ്ടും അടിക്കുന്നു.

നാശം കൈതുടച്ചുകൊണ്ട് ഫോൺ എടുത്തു അതെ നെറ്റ് നമ്പർ ..

ഹലോ ..

ഹലോ ഞാൻ പാരിജാതം.

പെൺ ശബ്ദം പേരുപറഞ്ഞു.
അതിന്... എന്താ വേണം ഞാൻ പറഞ്ഞില്ലേ ഞാൻ വിനയൻ അല്ല എന്ന്.

അതെ അത് മനസിലായ്.

ആഹാ ആള് സ്മാർട്ട് ആണല്ലോ അവൻ മനസ്സിൽ പറഞ്ഞു.

പറയൂ ..
താങ്കളുടെ പേരെന്താണ് ..
താങ്കൾ നല്ല വിശേഷണം ..

അപ്പോൾ എന്തായാലും വല്ല ഇഷ്വറൻസ് കാരിയോ LIC യോ ഒക്കെയാകും ഇവർക്കാണല്ലോ ഈ ബഹുമാനം കൂടുതൽ . അല്ലങ്കിൽ ടെലിഫോൺ ഓഫർ പറയാനാകും അതിന് ഗൾഫിലേയ്ക് വിളിക്കണ്ടല്ലോ ! ഇനി ടൂർ പാക്കേജുകാരാണോ ? ക്ഷണിക നേരംകൊണ്ട് അവൻറെ ചിന്തകൾ സൂപ്പർ കംപ്യുട്ടർ പോലും തോൽപ്പിച്ചുകൊണ്ട് സഞ്ചരിച്ചു.

ഭദ്രൻ.

ഭദ്രൻ നല്ല പേര്.
താങ്ക്സ് ഫോർ യുവർ കൈൻഡ് കോമ്പ്ളിമെണ്ട്.

അതെ താളത്തിൽ മറുപടി നൽകി.
പറയൂ ശരിക്കും മിസ്സ് / മിസ്സിസോ

മിസ് ..
ഒകെ മിസ് പാരിജാതത്തിന് എന്താ വേണ്ടത്.

മിസ്റ്റർ ഭദ്രൻ ഞങ്ങൾ ഒരു ചാരിറ്റി നടത്തുന്നു. താങ്കൾക്ക് സഹായിക്കാൻ കഴിയുമോ ?
മെയിൽ ഐഡി തന്നാൽ നമ്മുടെ പ്രസ്ഥാനത്തെ കുറിച്ചുള്ള വിശദാശംങ്ങൾ നൽകാം.

ഇല്ലല്ലോ .. ചാരിറ്റി തീരെ താല്പര്യമില്ല.
അതിനുള്ള സെറ്റപ്പൊന്നും നമ്മുക്ക് ഇല്ല. വരുമാനവും ഇല്ല.
അല്ല താങ്കൾ മെയിൽ ഐഡി തരൂ
ഇല്ലന്നെ താല്പര്യം ഇല്ല പിന്നെന്തിനാ ..
ഓക്കേ സാർ . താങ്കളുടെ ഇഷ്ടം . എങ്കിലും താങ്കൾ ഒന്നാലോചിക്കൂ ഞാൻ അൽപ്പം കഴിഞ്ഞു വിളിക്കാം. ഫോൺ കാട്ടായ്.

ഇതെന്ത് പരിപാടിയാ .. താത്പര്യം ഇല്ല എന്ന് പറഞ്ഞാലും വിടില്ലയോ ...
അപ്പോഴേക്കും അടുപ്പിൽ നിന്ന് കരിഞ്ഞ മണം അടിച്ചുതുടങ്ങി.. അയ്യോ എൻ്റെ ചിക്കൻ ഓടി .. അടപ്പ് പിടിച്ചതും ചൂട് .. തെറിച്ചു താഴെവീണു. ഒന്നിളക്കി ...

പാരിജാതം. ആ പേര് വല്ലാതെ മനസിനെ അലട്ടുന്നു. എവിടെ നിന്നോ അക്ഞ്ജാതമായി ഇന്ന് എന്നെ തേടിയെത്തിയ അഥിതി.

സഹായിക്കുമോ ! ഈ വാക്കുകൾ പോലും ഇപ്പോൾ അറപ്പാണ്. സഹായങ്ങൾ ഇല്ലാതെ നേടിയതാണ് ഈ ജീവിതം. എല്ലാ സഹായവും കടം കൊള്ളലാണ്. അത് വാക്കാലും തലോടലായും പകരം വീട്ടലായും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. നിസ്വാർത്ഥമായ സഹായങ്ങൾ എന്നൊന്ന് ഉണ്ടോ ? അവൻ വെറുതെ ആലോചയുടെ പാണ്ടകെട്ടുകൾ അഴിച്ചെടുക്കാൻ തുടങ്ങി.

കറി വാങ്ങിവെച്ചു. അതെ അടിപ്പിൽ ചോറിനായ് അരിയിട്ട് തുണികൾ അലക്കാൻ ആയി ബക്കറ്റിൽ നനയ്ക്കാൻ വെച്ചു .

ഫോൺ വീണ്ടും അടിക്കുന്നു. ബാത്‌റൂമിൽ നിന്ന് നടക്കുമ്പോൾ പാരിജാതം എന്ന പേര് അവനിൽ റിഗ് ട്യൂണിന്റെ താളത്തിൽ പാട്ടായ് മൂളി .. പാരിജാതം തിരുമിഴി തുറന്നു. പവിഴമുന്തിരി പൂത്തു വിടർന്നു നീലോൽപലമിഴി, നീലോൽപലമിഴി നീമാത്രമെന്തിനുറങ്ങി .... .

ഹ ഹ ഹ .. അതെ നമ്പർ ഫോൺ എടുത്തു.

പറയൂ പാരിജാതം ...

ഹി ഹി ഹി അവളും ചിരിച്ചു.

ഭദ്രൻ സാർ എന്ത് തീരുമാനിച്ചു ഞങ്ങളെ സഹായിക്കുമോ ?

ഈ നമ്പർ നിങ്ങൾ എങ്ങനെയാണ് സംഘടിപ്പിച്ചത് . അതോ കറക്കി കുത്തിയതോ ?

അല്ല സാർ സാറിന്റെ സുഹൃത്തു വിനയൻ തന്നതാണ്. അദ്ദേഹം നമ്മുടെ സംഘടനയുമായ് സഹകരിക്കുന്നുണ്ട്.

വിനയൻ.
പേരിൽ മാത്രമേ വിനയമുള്ളൂ. തല്ലുകൊള്ളിയാ അവസാനം കണ്ടപ്പോൾ പിണങ്ങി പോയതാ . രണ്ടടിച്ചാൽ പിന്നെ സ്വബോധം തീരെയില്ല അച്ഛനെയും അളിയാ എന്നെ വിളിക്കൂ ഏമ്പോക്കി . എങ്കിലും പാവമാ ബോധം വന്നാൽ ആദ്യം തലേദിവസം തെറി പറഞ്ഞവരോട് മാപ്പിരക്കാലാ പ്രധാന പണി. ഇവൻ തന്ന പണിയാണ് ഇത് അല്ലെ അപ്പോൾ റോങ്ങ് നമ്പർ അല്ല . നേരത്തെ പറഞ്ഞ വിനയൻ ഇവനാണ് നമ്മൾ പറയാൻ സമ്മതിക്കാതെ കട്ട് ചെയ്യിപ്പിച്ചതാ. പോട്ടെ ആലോചനകൾ മലകയറി.

നോക്കൂ പാരിജാതം എനിക്ക് ചാരിറ്റിയോട് തീരെ താൽപ്പര്യം ഇല്ല. കുട്ടി സമയം കളയാതെ മറ്റാരോടെങ്കിലും ബന്ധപ്പെടൂ സമയലാഭവും ഉപയോഗപ്രദവും ആയിരിക്കും കടുപ്പിച്ചു പറഞ്ഞു ഒഴിയാൻ നോക്കി

രക്ഷയില്ല...

സാർ നമ്മൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ ഭക്ഷണവും അവർക്കു പുനഃരധിവാസവും വരുമാനമാർഗ്ഗവും നൽകി വരുന്നതാണ് നമ്മുടെ സംഘടന ചെയ്യുന്നത്. തെരുവിൽ ഉപേക്ഷിക്കുന്ന അമ്മമാർക്കായ് ഒരമ്മ വീട് എന്ന സങ്കല്പം യാഥാർഥ്യമാക്കുക എന്നതാണ് ഉദ്യേശലക്‌ഷ്യം. "മുക്തി" എന്നതാണ് നമ്മുടെ സംഘടനയുടെ പേര് സാർ നെറ്റിൽ നോക്കൂ, ഫേസ് ബുക്കിലും സജീവമാണ് നമ്മുടെ വളണ്ടിയർമാർ. സാറിന് നിരാശ ഉണ്ടാകില്ല. നമ്മൾ സന്നഗ്ദസേവകരാണ്.

ശാന്തവും മൃദുലവുമായ ശബ്ദം. വാക്കുകളിൽ പോലും അലിവും ദയയുമുണ്ട്. ഇഷ്ടമില്ല എന്നുപറഞ്ഞിട്ടും വീണ്ടും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. വാക്കുകളിലെ അനുകമ്പ ഫോൺ കട്ട് ചെയ്യാൻ അനുവദിക്കാത്തതുപോലെ.

ശരി ഞാൻ ഒന്നാലോചിക്കട്ടെ .. .

ശരി സാർ ഞാൻ വൈകിട്ട് വിളിക്കാം ..

ശരി സാർ നന്ദി. പോസിറ്റിവ് ആയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

ഫോൺ കട്ടായി.

എങ്കിലും ആ ശബ്ദം വല്ലാതെ പിന്തുടരുന്നു പോലെ ..

അടുക്കളയിൽ പോയി അരി വെന്തുകഴിഞ്ഞിരിക്കുന്നു.

ചോറ് ഊറ്റിവെച്ചു.

സമയം നോക്കി 11 മണി കഴിഞ്ഞു. ബാത്‌റൂമിൽ കയറി തുണിയലക്കും കഴിഞ്ഞു ഷവറിനടിയിൽ കയറി .. ഷവറിലെ കുളി ഒരാനന്തമാണ്‌ എന്നും മഴയിലെ കുളിപോലെ എപ്പോഴും നാട്ടിലേയ്ക്ക് കൊണ്ടുപോകും. ചിലപ്പോൾ ഓർക്കും പണ്ട് ഓലപ്പുരയുടെ അകത്ത്‌ മഴ പെയ്യുമ്പോൾ ഓടിനടന്ന കാലം. ഇപ്പോൾ പക്ഷേ ഓർക്കാൻ ശ്രമിച്ചാൽ പാരിജാതം എന്ന പേരിൽ ഉടക്കി നിൽക്കുന്നു.

കുളി കഴിഞ്ഞു ഇറങ്ങി നേരെ കമ്പ്യുട്ടർ ഓണാക്കി ഫ്‌ബി തുറന്ന് പാരിജാതം എന്ന പേർ പരതി നോക്കി.
ഈ പറഞ്ഞ ആങ്കിളിൽ കാണാനില്ല. പല പല പാരിജാതങ്ങൾ ഉണ്ട് പക്ഷെ അതൊന്നും ഇതാകില്ല എന്നുറപ്പ്.
പിന്നെന്ത് ചെയ്യും പെട്ടന്നാണ് ഓർമ്മ വന്നത് വിനയൻ. ഫോൺ എടുത്ത് അവനെ വിളിച്ചു. ഓഫാണ് ആള് ഹിറ്റാകും. അല്ലങ്കിലും ബോധം കഴിയുന്നവരെ കുടിക്കുക അതാണ് അവൻറെ ശീലവും. ഇപ്പോൾ കണ്ടിട്ട് ഒന്ന് രണ്ടു മാസവും ആയി. ഫോൺ എടുക്കുന്നില്ല. ഒന്നുകൂടി വിളിച്ചു നോക്കി ... എടുത്തു ..

ഹലോ ..
എന്താടാ ഫിറ്റാ ..
ഫിറ്റ് നിൻറെ തന്ത ... പതിവ് ശീലങ്ങൾ പൃതൃവന്ദനത്തോടെ തുടങ്ങുള്ളൂ ...

എടാ നീയെന്തിനാ എൻ്റെ നമ്പർ എല്ലാവർക്കും കൊടുക്കുന്നത്.
ഞാൻ ആർക്കും കൊടുത്തില്ല.
പിന്നെ എന്നെ വിളിച്ചതോ
ആര്
ഏതോ മുക്തി എന്ന സംഘടനയിൽ നിന്ന് ഒരു പാരിജാതം ..
ആഹ നിന്നെ വിളിച്ചോ
അതെ വിളിച്ചു നിനക്ക് വേറെ പിണിയൊന്നുമില്ലായിരിന്നോ എൻ്റെ നമ്പർ കൊടുക്കാൻ.
എന്നിട്ട് നീയെന്ത് പറഞ്ഞു.
എന്ത് പറയാൻ ഞാൻ ചാരിറ്റികൾ കൊടുക്കാറില്ല എന്ന് പറഞ്ഞു.
കഷ്ടം എടാ കോപ്പേ ... അവർ നല്ലൊരു കാര്യമാണ് ചെയ്യുന്നത് നിന്നെക്കൊണ്ട് പറ്റുന്നത് കൊടുത്താൽ മതി.
അതല്ലേ പറഞ്ഞത് എനിക്ക് പറ്റില്ല എന്ന്.
എടാ ആ പാരിജാതം നന്നായി സംസാരിക്കുന്നുണ്ട്. ഞാൻ ഫ്‌ബിയിൽ തപ്പിയിട്ട് കിട്ടിയില്ല.

അതെന്താ
നീ മുക്തി എന്ന സംഘടനയെ നോക്കിയോ
ഇല്ല
അത് നോക്ക്
ഓ ..
എടാ എന്താ പാരിജാതത്തെ നീ കോഡക്ട് ചെയ്തോ.
എസ്
എങ്ങനെ
ഞാൻ അവിടെ പോയ്
എവിടെ
അവരുടെ സംഘടനയിൽ
നീയോ സ്വബോധം ഉണ്ടെങ്കിൽ അല്ലേ നിനക്ക് പോകാൻ കഴിയൂ
അപ്പൊ നീയറിഞ്ഞില്ലേ
എന്ത്
ഞാൻ കുടി നിർത്തി
പോടാ
സത്യം
പോടാ അതിന് നിൻറെ തന്ത റിട്ടേർഡ് മേജർ പരമേശ്വരപ്പണിക്കർ കുഴീന്ന് നേരിട്ട് വന്നാൽ നടക്കില്ല.
അല്ലടാ സത്യമാ
ഞാൻ അമ്മയെ വിളിക്കാറുണ്ട്
നീയോ
അതേടാ സത്യം. 'അമ്മ എനിക്ക് കല്യാണവും ആലോചിക്കുന്നു ഇപ്പോൾ
ഈ വയസ്സാൻ കാലത്തോ . ..
അതെന്ന് എല്ലാം ഈ മുക്തിയിൽ പോയതിന് ശേഷമാണ്.
ആഹാ
അതിനു മാത്രം അവിടെ എന്താണ് ഉള്ളത്
ഒന്നുമില്ല എന്നതാണ് അവരുടെ പ്രശ്നം അത് പരിഹരിക്കാനുളള ശ്രമമാണ് അവർ നടത്തുന്നത് അവർക്ക് നിന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുക. മുക്തി ഒരു കണ്ണാടിയാണ് നിന്നെ നിനക്ക് കാണിച്ചു തരും എനിക്ക് എന്നെ കാണാൻ കഴിഞ്ഞ പോലെ . അപ്പോൾ നിനക്ക് പാരിജാതത്തെയും കാണാം. അവർക്ക് കാണാൻ കഴിയില്ല എങ്കിലും.
അതെന്താ അവൾ അന്ധയാണോ ? കാണാൻ കഴിയാതിരിക്കാൻ
അതെ !
ങ്ങേ ... പോടാ
അല്ല സത്യമാണ് ആ കുട്ടിക്ക് കാഴ്ചയില്ല പക്ഷെ അവരാണ് മുക്തിയുടെ എല്ലാം.
കാഴ്ചയെന്തിനാണ് നമ്മുക്ക് അളിയാ നമ്മൾ കാണുന്നത് എല്ലാം കാണാൻ പാടില്ലാത്തത് അല്ലേ ..
നമ്മൾ കണ്ടുകൊണ്ട് അന്ധരാകുന്നു അവർ കാഴ്ചയില്ലാതെ മറ്റ് ജീവിതങ്ങൾക്ക് വെളിച്ചം പകരുന്നു സ്വാന്തനമേകുന്നു .

ഹലോ എടാ ... നീയെന്താ ഒന്നും മിണ്ടാത്തത് ...
ഏയ് ഒന്നുമില്ല ..
ഫോൺ കട്ടാക്കി ..

പാരിജാതം ആ പേര് വല്ലാതെ അലട്ടുന്നു ...
ഫോൺ എടുത്തു നോക്കി സമയം ആയില്ല വൈകിട്ട് വിളിക്കാം എന്നാണല്ലോ പറഞ്ഞത് ..
വിളിക്കുമോ ...
സമയം 2 മണി കഴിഞ്ഞു .. വിശപ്പുമില്ല ..
ചിക്കനും ചോറും അവിടെയിക്കുന്നു .. പക്ഷെ മനസ്സ് വല്ലാതെ സംഘർഷഭരിതമാണ് ..
മുഴുകുടിയനായ ഇവനെ നന്നാക്കാൻ മാത്രം എന്താകും അവിടെ .. ആ കണ്ണാടിയിൽ
നേരെ ബാത്റൂമിൽ കയറി കണ്ണാടി നോക്കി ..
എന്നെ ഇവിടെയും കാണാമല്ലോ ..
സൂക്ഷിച്ചു നോക്കി ...
എന്താണ് എന്നിലെ പ്രത്യേകത ..
ഒന്നുമില്ല ... മുടികൾ നരച്ചു തുടങ്ങിയിക്കുന്നു.. കണ്ണുകൾക്ക് അടിയിൽ കറുത്ത പാടുകൾ തെളിഞ്ഞു വരുന്നുണ്ട് മീശ പണ്ടേ നരച്ചതാണ് .. മുഖത്ത് ചുളുവുകൾ കഴുത്തിലേയ്ക്കും പടർന്നിരിക്കുന്നു. മൂക്കിന് അകത്തു നിന്ന് വെളുത്ത രോമങ്ങൾ പുറത്തേക്കു എത്തിനോക്കുന്നപോലെ അമ്മയെ ഓർമ്മ വന്നു ഓരോ അവധിക്കും പറയും മൂക്കത്ത്‌ പല്ല് വരാറായ് കല്യാണം കഴിക്കാൻ. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളവും ഭയക്കുമ്പോലെ കല്യാണമെന്ന വാക്കുപോലും ഭയമാണ്... വീണ്ടും കണ്ണാടിയിൽ സൂക്ഷിച്ചു നോക്കിയപ്പോൾ ആരോ പിന്നിൽ നിന്ന് മാറുന്നതുപോലെ. തിരിഞ്ഞു നോക്കി ആരുമില്ല ... അതെ ആരുമില്ല എന്നോടൊപ്പം ... ആരുമില്ല ഞാൻ മാത്രം കണ്ണാടിയിൽ എൻ്റെ രൂപം എന്നെ ഭയപ്പെടുത്തും പോലെ. നോക്കാൻ കഴിയുന്നില്ല .. ചുറ്റിലും ശൂന്യത നടുവിൽ വെറുമൊരു ശരീരമായ് ഞാൻ സത്യം ബാക്കിയാകുന്നു, ഉള്ളിൽ ഒരു ഭയം പോലെ പെട്ടന്ന് ബാത്റൂമിൽ നിന്നിറങ്ങി കട്ടിലിൽ വന്നിരുന്നു, ആകെ ഒരു പരവേശം ഫ്രിഡ്ജ് തുറന്നു നോക്കി ബിയർ ബാക്കിയിരിക്കുന്നു ഒരെണ്ണം എടുത്തു നല്ല തണുപ്പ് വാഷ്ബേസിൽ കൊണ്ടുപോയ് വെള്ളം തുറന്നു അതാ വീണ്ടും കണ്ണാടി . എനിക്ക് നോക്കാൻ ഭയമാകുന്നപോലെ.. ഞാൻ മാത്രം ബാക്കിയെല്ലായിടവും ഇരുട്ട് മാത്രം.. അപ്പോൾ ഫോൺ വീണ്ടും അടിക്കുന്നു ബിയർ വാഷ്ബേസിൽ ഇട്ട് ഫോണടുത്തേയ്ക് ഓടി മനസ്സ് അറിയാതെ പറയുന്നു പാരിജാതം ... ഇപ്പോൾ നമ്പർ കാണാം 0091 ########

ഹലോ...
ഹലോ സാർ .. ആലോചിച്ചോ ..
അത് അത് പിന്നെ .. വാക്കുകൾ വരുന്നില്ല ..
എന്താ സാർ എന്ത് പറ്റി ...
ഇല്ല ഒന്നുമില്ല .. ഞാൻ വിനയനെ വിളിച്ചു .. കുട്ടിയെ കുറിച്ച് അറിയാൻ ..
എന്നിട്ട് .. അറിഞ്ഞോ ... എന്തെ എന്നെക്കുറിച്ചു .. മുക്തിയെ കുറിച്ച് ചോദിച്ചില്ലേ ..
ചോദിച്ചു ..
അപ്പോഴോ ..
പറഞ്ഞു എല്ലാം ..
ഗുഡ് ഇപ്പോൾ താങ്കൾക്ക് മനസിലായില്ലേ നമ്മൾ പറ്റിക്കുന്നവർ അല്ലെന്നു. താങ്കളുടെ സഹായം ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ ...
സഹായം മാത്രമല്ല ..
ഇനി ബാക്കിയുള്ള കാലം ഞാനും നിങ്ങളോടൊപ്പം.
അല്ല മുക്തിയോടൊപ്പം ഉണ്ടാകും.
ഇരുട്ടിൽ കഴിയുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ ...
നന്ദി സാർ ..
എപ്പോഴും വെളിച്ചം വേണ്ടത് ഇരുട്ടിനാണ് സാർ അത് വാക്കിലൂടയോ നോക്കിലൂടെയോ ഒരു കൈ താങ്ങിലൂടെയോ എങ്ങനെ ആയാലും നമ്മുക്ക് വേണ്ടത് മുക്തിയാണ്. ഏകത്വത്തിൽ നിന്നുള്ള മുക്തി. വിരക്തിയിൽ നിന്നുള്ള മുക്തി. ജീവിതത്തിൽ നിന്ന് മുക്തരാകും വരെ ജീവിത യാഥാർത്യങ്ങളിൽ നിന്നുള്ള മുക്തി.
സാർ .. കേൾക്കുന്നുവോ ...
ഹലോ .. ഹലോ ... മിസ്റ്റർ ഭദ്രൻ ..
യെസ് .. ഞാൻ കേൾക്കുന്നു ...
പാരിജാതം കേൾക്കുന്നു ...
ശരി സാർ ... ഇതാണ് നമ്പർ സാർ ഇനിയും വിളിക്കുമല്ലോ ..
തീർച്ചയായും ..

ഫോൺ കട്ടായി ..

ഒരു മൂകത മനസ്സിനെ വല്ലാതെ അലട്ടുന്നപോലെ ..

വാഷ്ബേസിൽ പോയ് കണ്ണാടിയിൽ നോക്കി ..
നല്ല വെളിച്ചം .. കണ്ണുകൾ നിറഞ്ഞൊഴുകിയിരിക്കുന്നു താൻ അതറിഞ്ഞില്ല എന്ന സത്യം പോലും അവൻ മറന്നു . കണ്ണിലെ അഴുക്കുകൾ പോയിരിക്കുന്നപോലെ അല്ല മനസ്സിലെ അഴുക്കുകൾ ....
കണ്ണാടിയിൽ വീണ്ടും വീണ്ടും അവൻ നോക്കി ...
പുറകിൽ വെള്ള പൂക്കൾ നിറയെ പൂത്തുനിൽക്കുന്നു..
എന്നും പൂക്കുന്ന തൊടിയിലെ പാരിജാതപൂക്കൾ മനസ്സിനെ കുളിർമ്മഴ പെയ്യിക്കുംപോലെ ... അവൻ്റെ കണ്ണുകൾ പേമാരിയായ് പെയ്തൊഴിയുന്ന ...
മനസ്സിൽ ശാന്തത മാത്രം ബാക്കിയാകുന്നു ...

സമയം വളരെയേറെ ആയിരിക്കുന്നു ...

ഉറക്കവും വിശപ്പും ഇന്ന് മറന്നു പോയിരിക്കുന്നു.

ലൈറ്റ്‌ അണച്ച് കിടക്കുമ്പോഴും മനസ്സിൽ വല്ലാത്ത പ്രകാശം പോലെ ..

കണ്ണുകൾ അടച്ചു മയക്കത്തിലേയ്ക് വഴുതിവീഴുമ്പോൾ ഇരുട്ടിൽ നിന്ന് പ്രകാശമായ് ദൂരെനിന്ന് ഒരു രൂപം അവനരികിലേയ്ക്ക് അടുത്തുവന്നു. കുറെ വെള്ള ശലഭങ്ങൾ മിന്നുന്ന കണ്ണുകൾ അവർ അവൻ്റെ അരികിൽ വന്നു വട്ടം കറങ്ങി അപ്പോൾ ദൂരെനിന്ന് മറ്റൊരു വെള്ള തേരിൽ കുറേപ്പേർ അവനരികിലൂടെ കൈവീശി കടന്നുപോകുന്നു. അതിൽ പരിചിത മുഖങ്ങൾ തന്നെ നോക്കി പുഞ്ചിരിക്കുന്നു.. അമ്മയുണ്ട് അച്ഛനുമുണ്ട് അമ്മുമ്മയുണ്ട് .. അങ്ങനെ അങ്ങനെ അനവധി പേർ കൈവീശി കടന്ന്പോകുന്നു .... ആദ്യമായ് തൻ്റെ സ്വപ്നത്തിൽ പ്രിയമായവരെ കണ്ടപ്പോൾ കൂടെ ആരെല്ലാമോ ഉള്ളപോലെ ....

പതിവിലും രാവിലെ ഉണർന്നു ഫോൺ എടുത്തു മനസ്സിൽ ഓർത്തു വിളിച്ചു
ഹലോ പാരിജാതം
നന്ദി പാരിജാതം ...
എന്നിലേ എന്നെ കാണിച്ചുതന്നതിന് നന്ദി ....

മറുതലയിൽ ഫോൺ ആരും എടുക്കുന്നില്ല ....
വീണ്ടും ട്രൈ ചെയ്തു ..
ഇല്ല എടുക്കുന്നില്ല ....


ശുഭം.

ലാലു രാധാലയം.
::::::::::::::::::::::::::::::::
lalunmc@gmail.com.

എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

ഏപ്രിൽ 07, 2017

ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം

ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം.

"ഇന്ന് ഞാന്‍, നാളെ നീ..!"

പ്രസിദ്ധിയുടെ പ്രച്ഛന്നവേഷങ്ങളാണ് ഇപ്പോൾ കാണുന്ന പകർന്നാട്ടങ്ങൾ എല്ലാം.

സത്യത്തിൽ ഇപ്പോൾ വേണ്ടത് ഉണർത്തുപാട്ടാണ്.
സാമൂഹ്യബോധം ഉത്‌ഘോഷിക്കുന്ന ഉണർത്തുപാട്ടുകൾ.
പൊതുധാരയെ തൊട്ടുണർത്തുന്ന സൂത്രവാക്യങ്ങൾ.
സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിലും തെരുവിലും നടതള്ളുന്ന യുവതലമുറയ്ക്ക് മുമ്പിൽ,
പുതുയുഗ പിറവി സ്വപ്നം കണ്ട പഴയ അനുഭവ കഥകളല്ല വേണ്ടത്. അവർക്ക് മനസ്സിലാക്കാൻ അവരുടെ ഭാക്ഷയിൽ സംസാരിക്കേണ്ടിയിരിക്കുന്നു. അതിനവരെക്കാളും തെറ്റുകാർ നമ്മൾ തന്നെയാണ് അവർക്കാവസരങ്ങൾ വാരിക്കോരി നൽകിയത് നമ്മളെന്ന സംരക്ഷകരാണ്.
സംരക്ഷിച്ച്‌ വളർത്തിയവരെയാണ് അവരും സമൂഹവും നടതള്ളിയിട്ടുള്ളത്.
ഇന്ന് താരാട്ട് പാടിയുണർത്തുന്ന അച്ഛനമ്മമാരില്ല. മക്കളെ ഉറക്കാതെ വിളിച്ചുണർത്തി പഠിപ്പിക്കുന്ന അച്ഛനമ്മമാരാണ്.
പുതിയ പരിണാമത്തിൽ നമുക്കും പുതിയ സൂത്രവാക്യങ്ങൾ കടമെടുക്കാം. വാക്കുകൾ പുതിയ രൂപത്തിൽ വരുംതലമുറയോട് പറഞ്ഞുനോക്കാം. പുതിയ ഉണർത്തുപാട്ടുകൾ പാടാം.നവയുഗ അടിമകളിൽ നിന്ന് പുതുയുഗ പ്പിറവി സ്വപ്നം കാണാൻ പഠിക്കാം. അടിമത്വം ഇന്നും പുതിയ രൂപത്തിൽ നമ്മെ അടക്കിഭരിക്കുന്നു. അതറിയുവാനുള്ള തിരിച്ചറിവ് പറന്നു നൽകാൻ ശ്രമിക്കാം. ഇല്ലങ്കിൽ വിധിയുടെ ബലിക്കല്ലിൽ തലവച്ചു ഇന്നലെകളുടെ വീരശൂരപരാക്രമങ്ങൾ ഓർത്ത് അമ്പലമുറ്റത്തോ വൃദ്ധസദനങ്ങളുടെ ജനാലകൾക്കപ്പുറം നെടുവീർപ്പുകളായ് എരിഞ്ഞടങ്ങാം.

"...പാത വക്കത്തെ മരത്തിന്‍ കരിനിഴല്‍,
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ..
ആ വഴിക്കപ്പോളൊരു ദാരിദ്രന്റെ
നിര്‍ജ്ജീവമാം ദേഹമാടക്കിയ പെട്ടി പോയ് !
ഇല്ലാ പെരുമ്പറ, വിശ്വസ്തയാം
വല്ലഭ തന്നുടെ നെഞ്ചിടിപ്പെന്നിയേ!!
ഇല്ല പൂവര്‍ഷം, വിഷാദം കിട-
ന്നല തല്ലുന്ന പൈതലിന്‍ നെഞ്ചിടിപ്പെന്നിയേ!!!
വന്നു തറച്ചിതാ പെട്ടിമേല്‍
നിന്നുമാറക്ഷരം: "ഇന്ന് ഞാന്‍, നാളെ നീ..!"

                                                                         "ജി"



                                                             

നവംബർ 10, 2014

അന്നുകണ്ട സ്വപ്നത്തിൽ

അന്നുകണ്ട സ്വപ്നത്തിൽ

ചെറുകഥ.
*********
ആരോ തട്ടി വിളിക്കുന്നത്‌ കേട്ടാണ് അവനുണർന്നത്, മിന്നലായ് എന്തോ മിന്നിമാറിയതുപോലെ തോന്നി. പെട്ടന്നാണ് ഓർത്തത് ഇന്ന് രാത്രി അവൾ ഉറപ്പായും വരണമെന്ന് പറഞ്ഞിരിന്നു. പതുക്കെ അവനെഴുന്നേറ്റു ഒച്ചയുണ്ടാക്കാതെ വാതിൽതുറന്ന് ഇറയത്ത്‌ ഇറങ്ങി, ചുറ്റും കണ്ണോടിച്ചു ആരുമില്ലെന്ന് ഉറപ്പാക്കി മുറ്റത്തേയ്ക്കിറങ്ങി. നല്ല ഇരുട്ടാണ്‌, ഇന്നലെപെയ്ത മഴയുടെ ബാക്കിയായ് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. അതിലൊന്നും ചവിട്ടാതെ പരിചിതമായവഴികളിലൂടെ നടന്നു തുടങ്ങി. ജഗ്ഷനിൽ ആരുമില്ല എന്നറിയാമായതിനാൽ ഒളിക്കാതെ കടന്നു പോകാൻ കഴിഞ്ഞു. ചെറുതായ് കാറ്റടിയ്ക്കുണ്ട് മഴനനഞ്ഞപോലെ കാറ്റിനും നല്ല കുളിർമ്മയുണ്ട്‌ എങ്കിലും നന്നായി വിയർക്കുന്നതായ് അവനറിഞ്ഞു. വിയർപ്പുകണങ്ങൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നു. മഴയെ പിടിച്ചു നിർത്തിയ ഇലകൾ കാറ്റത്ത്‌ മഴയായ് പെയ്തിറിങ്ങുന്നു. അവൻ അവളുടെ വീടിന് അടുത്തെത്തി.

നല്ല ഇരുട്ട് ചുറ്റിലും ആരുമില്ല അകലെയായ് പള്ളിയിൽ റാന്തൽ വിളക്ക് കരിദീപമായ് അർദ്ധമയക്കത്തിൽ കത്തുന്നു. ഒരൊറ്റ മിന്നമിന്നിയെയും കാണാത്തതിൽ അവനദിശയമായ്. ഗേറ്റ് അടഞ്ഞു കിടക്കുന്നു. തുറന്നാൽ ശബ്ദമുണ്ടായാലോ കമ്പുകൾ കൊണ്ട് നന്നായിയുണ്ടാക്കിയ വേലി ചാടിക്കടന്നു. ഒരാൾക്ക്‌ നടക്കാനുള്ള സ്ഥലം മാത്രം വൃത്തിയായ് ഉള്ളു. ബാക്കിയെല്ലാം കാട് പോലെ. ഇവിടം അത്ര പരിചിതമല്ല. പക്ഷെ നടക്കാനുള്ള വഴി കൂരിരിട്ടിലും തെളിഞ്ഞു കാണാം. മെല്ലെ മെല്ലെ നടന്ന് അവളുടെ മുറി എതാകും, മാറിയാൽ അത് മതി അവനിൽ അൽപ്പാൽപ്പമായ് ഭയം ചെറിയ തണുപ്പ്പോലെ പെരുപ്പായ് കാലിലൂടെ കയറാൻ തുടങ്ങി. നന്നായുള്ള വിയർപ്പും തണുപ്പും അവനിൽ ചെറിയവിറയിലുണ്ടാക്കി അവന്റെ നടത്തത്തിന് വേഗത കുറഞ്ഞു. അവനറച്ചുനിന്നു.

പെട്ടന്ന് അകലെനിന്ന് ഒരു ചെറിയ പ്രകാശം അവനരികിലേക്ക്‌ അടുത്തടുത്ത് വന്നു. അവനോളിക്കാൻ ശ്രമിച്ചു കൈകാലുകൾ അനങ്ങുന്നില്ല. ആപ്രകാശം അവനരികിൽ വന്ന് ചുറ്റുമായ്‌ വട്ടം കറങ്ങി. അവൻ ശ്രദ്ദിച്ചുനോക്കി ചെറിയ പ്രാണിയായ് വന്ന് വെളുത്ത ശലഭമായ് മാറുന്നു പെട്ടന്ന് കുറെയേറെ ശലഭങ്ങളായ് വട്ടമിടുന്നു. അവനൊർമ്മവന്നു അവൾക്ക് ഏറെയിഷ്ടമുള്ള ശലഭങ്ങൾ. അവയുടെ ചിറകുകൾ പ്രകാശിക്കുന്നു , അവയുടെ ശരീരം വ്യത്യസ്തമായ് പല പല വർണ്ണങ്ങളാൽ മിന്നിതിളങ്ങുന്നു. അവയുടെ നീണ്ടചുണ്ടുകളിൽ രക്തം പുരണ്ടപോലെ ചുവപ്പായിരിക്കുന്നു. പക്ഷെ അവയെന്നെ അക്രമിക്കുന്നില്ല. ആ ശലഭങ്ങൾ വഴികാട്ടികളായ് അവന് മുന്നിലും പിന്നിലുമായ് പറന്നുകൊണ്ടിരിന്നു അവനവയെ അനുഗമിച്ചു. അവയുടെ പ്രകാശത്താൽ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല. പെട്ടന്ന് അവന്റെ കാലുകളിൽ എന്തോ ഭാരമായ് തട്ടി. അവനറിഞ്ഞു അവളുടെ മുറിയായിയെന്നു, കതക് അടച്ചിരിക്കുന്നു പൂക്കളാൽ മനോഹരമായ് അലങ്കരിച്ചിരിക്കുന്നു. അവൻ പൂക്കൾ മാറ്റി കതക് പതുക്കെ തുറന്നു. അവൾ നന്നായ് മൂടി പൊതച്ച് ഒന്നുമറിയാതെ ശാന്തമായ് ഉറങ്ങുന്നു. പതുക്കെ മുഖത്തുനിന്ന് പുതപ്പുമാറ്റാൻ തുടങ്ങി പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു ... വേണ്ട നീയവളെ കാണണ്ട ..

ഞെട്ടിയുണർന്നു പരിഭ്രമമോടെ അവൻ ചുറ്റിലും നോക്കി നിറയെ ആളുകൾ തിങ്ങി നിൽക്കുന്നു .. പള്ളിയിൽ ഉച്ചത്തിൽ മണി മുഴങ്ങുന്നു ... ആളുകൾ ഉച്ചത്തിൽ കരയുന്നു , ചിലർ അലറുന്നു , കാക്കിയിട്ട പോലീസ്സുകാർ , ഒരാളുടെ കൈയിൽ പോലീസ്സ് നായ. മിന്നിത്തിളങ്ങുന്ന ലൈറ്റുമിട്ടു ആംബുലൻസ് , വെള്ളയിട്ടവർ , ചുറ്റുമുള്ളത് ഒന്നും കാണാനാകാതെ തൊണ്ടയിൽ ഉടക്കിയ വാക്കുമായ് തളർന്നു വീണവൻ, ആരും പിടിക്കുവനില്ലാതെ അപ്പോഴും മനസ്സ് പിറുപിറുക്കുന്നു ഞാനല്ല .. ഞാനല്ല .. ഞാനല്ല ..

>>>...ലാൽസ് ..
https://www.facebook.com/loveapril15

നവംബർ 08, 2014

ദ്രൗപതിയെന്ന പാഞ്ചാലി


സമാനതകളില്ലാത്ത സ്ത്രീത്വം.

എന്‍റെ വായനകളില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ച സ്ത്രീത്വമാണ് മഹാഭാരത കഥയിലെ പാഞ്ചാലി.

ഞാന്‍ വായനയിലൂടെ കേള്‍വിലൂടെ കണ്ടറിഞ്ഞ പാഞ്ചാലിയിലൂടെ ഒരു യാത്ര...
പാഞ്ചാല രാജാവായ ദ്രൌപദന്റെ ക്രോധാഗ്നിയാലുള്ള മഹായക്ജ്ജത്തില്‍ നിന്നുയര്‍ന്നുവന്ന പുത്രി. സുന്ദരിയും,സര്‍വ്വാസ്ത്രശാസ്ത്രയും, കൂര്‍മ്മബുദ്ധിയുള്ളവളും സുമുഖിയും ആയിരിന്നു. അത്യന്തം വിഷമകരമായ ധനുര്‍വിദ്യയിലൂടെ വനവാസത്തില്‍ കഴിയുന്ന പണ്ടാവരിലെ അര്‍ജ്ജുനന്‍ വിവാഹം കഴിച്ച് അമ്മയായ കുന്തിയുടെ അരികിലെത്തുമ്പോള്‍ പറയുന്ന വാക്കിലെ പിശക് നിങ്ങള്‍ അഞ്ചുപേരും തുല്യമായ് പങ്കിട്ടെടുക്കുക എന്നായ്പോലും അങ്ങനെ ദ്രൗപതി പഞ്ചാലിയായ് മാറി.

ദ്രൌപതിയെ മഹാഭാരത യുദ്ധത്തിന്‍റെ ശില്‍പ്പി എന്ന് വേണമെങ്കില്‍ വിളിക്കാം. ദൌപതി ഇല്ലങ്കിലും മഹാഭാരത യുദ്ധം നടക്കാം പക്ഷെ ദ്രൌപതിയെ മാറ്റിനിര്‍ത്തി മഹാഭാരതയുദ്ധം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ആയതിനാല്‍ വേദവ്യാസന്റെ ഏറ്റവും കഴമ്പുള്ള ശക്തമായ കഥാപാത്രമാണ് ദ്രൗപതി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ എല്ലാ അവസ്ഥാന്തരങ്ങളും ദ്രൌപതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ദ്രൌപതിയുടെ കാവ്യരൂപത്തിന് അപ്പുറം കലാന്തരങ്ങള്‍ക്ക് ഇപ്പുറവും ഈ ലോകത്ത് ഒരു സ്ത്രീയെയും നമുക്ക് വിലയിരിത്താന്‍ ഗ്രന്ഥകാരനായ വ്യാസന്‍ അനുവദിക്കുന്നില്ല. അതാണ്‌ കാണുന്ന സൃഷ്ട്ടിവൈദഗ്ദ്യം.

ധീരന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരെ ഒരേപോലെ പരിച്ചരിച്ചവള്‍,പരിപാലിച്ചവള്‍. അഞ്ചു ഭര്‍ത്താക്കന്മാരിലും ആയി അഞ്ചു മക്കള്‍. യുധിഷ്ട്ടിരനുമായ് പ്രതിവിന്ധ്യൻ, ഭീമന് ശുതസോമൻ ,അർജ്ജുനന് ശ്രുതകീർത്തി , നകുലന് ശതാനികൻ , സഹദേവന് ശ്രുതകർമ്മാവ് . കേള്‍ക്കുമ്പോള്‍ വിചിത്രമായ് തോന്നാമല്ലേ.

രാജസൂയയാഗം കഴിഞ്ഞശേഷം തങ്ങളുടെ മായാമന്ദിരത്തിലേയ്ക്ക് വന്ന ധുര്യോദരന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോൾ ദ്രൗപദി പൊട്ടി ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്. എന്നും വ്യാഖ്യാനിക്കുന്നു. തുടർന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ദുശ്ശാസനന്‍ അപമാനിച്ചപ്പോള്‍ പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും ദ്രൗപദിയുടെ സഹനശക്തിയെയും, സൂക്ഷ്മമായ ധർമ്മവലോകന പാടവത്തെയും പ്രതികാര ത്വരയും വെളിപ്പെടുത്തുന്നതാണ്. ആ ശപഥവും മഹാഭാരത യുദ്ധത്തിന് ആദ്യ വിത്തുകള്‍ പാകി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വസ്താക്ഷേപം നടക്കുമ്പോള്‍ പാഞ്ചാലിയുടെ മനസ്സില്‍ മഹാഭാരത യുദ്ധം തുടങ്ങിയെന്ന് സാരം. പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്‍റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു.

കഥാന്ത്യം വീരശൂരന്മാരായ ഭര്‍ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്‍കി. ആദ്യം സഹദേവന്‍,പിന്നെ നകുലന്‍ ,പിന്നെ അര്‍ജുനന്‍ ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്‍ജുനന്‍ വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന്‍ പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്‍ക്കുന്ന ഭീമസേനന്‍ ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്‍ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന്‍ നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയ സൌദങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.

ദ്രൗപതി : സ്ത്രീയുടെ സമസ്ത ഭാവങ്ങളും അരക്കിട്ടുറപ്പിക്കുന്ന സൃഷ്ട്ടിയാണ്. ത്യാഗവും , സഹിഷ്ണതയും ,സഹതാപവും , പ്രതികാരവും,സ്വയം അപമാനപ്പെട്ട സ്ത്രീത്വം . അഞ്ചു ഭര്‍ത്താക്കന്മാരെ പങ്കിടേണ്ടിവന്ന നിയോഗമുള്ളവള്‍. സര്‍വ്വതും ഉണ്ടായിരിന്നിട്ടും വനവാസം സ്വീകരിക്കാന്‍ സ്വയം തീരുമാനിച്ചവള്‍. ദ്രൌപതിക്ക് പുറത്ത് ഒരു സ്ത്രീ സങ്കല്‍പ്പം ഇന്നും സാധ്യമാണോ ? .

ഇതൊരു മഹാഭാരത കഥ പകര്‍ത്തിയെഴുത്തല്ല. കഥയില്‍ നിന്ന് ഞാന്‍ ദ്രൌപതിയെ കാണാന്‍ ഒരു ചെറിയ ശ്രമം നടത്തിയതാണ് . ഇതൊന്നുമല്ല ഇനിയുമേറെയുണ്ട് കാരണം കഥ മഹാഭാരതം ആകുമ്പോള്‍ അവസാനിപ്പിക്കുക പ്രയാസമാണ് . തെറ്റുകുറ്റങ്ങള്‍ സദയം ക്ഷമിക്കുക ..

ലാലു.കടയ്ക്കല്‍ ...
www.facebook.com/loveapril15

സെപ്റ്റംബർ 22, 2014

ഒരു കണ്ടുമുട്ടലിന്റെ നൊമ്പരം.


സന്തോഷവും ഉര്‍ജ്ജവും സമയവും സ്വരുക്കുട്ടി ആരെങ്കിലും ആകാനായ് പഠിച്ചും,പ്രയത്നിച്ചും അവസാനം ജീവിതത്തില്‍ ആരുമാകാതെ വരുമ്പോഴാണ് പലര്‍ക്കും താനാരാണ് എന്ന ചിന്തയുണ്ടാകുന്നത്. 
സത്യം.
ഇന്നലയുടെ സായാഹ്നത്തില്‍ ആള്‍ത്തിരക്കില്‍ ബസ് സ്റേഷനില്‍ വിവിധവര്‍ണ്ണങ്ങളാല്‍ ചിത്രങ്ങള്‍ കൊറിയ മുഷിഞ്ഞ വസ്ത്രത്തിനുള്ളില്‍ ഞാനവനെ കണ്ടു. നരകീഴടക്കിയ താടിരോമങ്ങള്‍ അലക്ഷ്യമായ് വിട്ട്, ചെമ്പന്‍ മുടിയെ ഷാളുകൊണ്ട് മുറുക്കികെട്ടി കൈയില്‍ ഒഴിഞ്ഞ ചോറ്റുപാത്രവുമായ് മലിഞ്ഞു ഒട്ടിയ കവിളുകളും , മഞ്ഞളിച്ച കണ്ണുകളും , കറുത്തിരിണ്ട ചുണ്ടുകളും , ചുണ്ടുകള്‍ക്കിടയില്‍ തിരികിയ ലഹരിയുടെ തടുപ്പുമായ്. ആ പഴയ ചങ്ങാതിയെ. 
അപ്പോഴും അവന്‍റെ വിരളുകള്‍ ചോറ്റുപാത്രത്തില്‍ താളം പിടിക്കുന്നു. അതെ അവനെന്നും അങ്ങനെയായിരിന്നല്ലോ. കലാസാംസ്കാരിക വേദികളില്‍ താരമായിരിന്നു, ഒന്നും ശാസ്ത്രീയമായ് പഠിച്ചിട്ടില്ല പക്ഷെ ഒരുവട്ടം കേട്ടാല്‍ ഇതു താളവും അവന്‍റെ വിരളുകള്‍ പഠിച്ചേടുക്കും. വിദ്യയെ ഉപേക്ഷിച്ച് അന്നംതേടി ഞാന്‍ യാത്രയായപ്പോള്‍ നഷ്ട ഓര്‍മ്മകളില്‍ മിന്നുന്ന താരങ്ങളായിരിന്നു ആ സൗഹൃദങ്ങള്‍. ജീവിത തിരക്കുകള്‍ക്കിടയില്‍ ചില ഇടവേളകളില്‍ നാം തിരയുന്ന മുഖങ്ങളും അവരെയാണ്. അങ്ങനെ ചിന്നിചിതറിപ്പോയ ബാല്യത്തിലെ സുഹൃത്തുക്കളെ ഈ ജീവിത സായാഹ്നത്തില്‍ ഓര്‍ത്തപ്പോള്‍ ആദ്യമെത്തിയ പേരും അവന്‍റെ ആയിരിന്നു. അമ്മ ഡോക്ടറും,അച്ഛന്‍ ഇഞ്ചിനിയറും ആക്കാന്‍ മോഹിച്ച മോഹമല്ല നടപ്പാക്കിയ ബാല്യകൌമാരം. അനുസരണയുടെ അച്ചടക്കത്തില്‍ സ്വന്തം അസ്തിത്വം നഷടമായ് ലഹരിയുടെ മാസ്മരിക ലോകത്ത് ധിക്കരിയായ് നാടുകടത്തിയ യൌവനം. ജീവിതം അങ്ങനെ ഏകനായ് സ്വയ ശിക്ഷയായ് ജീവിച്ചുതീര്‍ക്കുന്ന ആ പഴയ മിത്രം
ഞാന്‍ പരിചയപ്പെടുത്തി.
ആ ലഹരി കൊന്നൊടുക്കിയ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. 
ഹസ്തദാനം ചെയ്തു. ഹോ എന്ത് മരവിപ്പാണ് ആ കൈകള്‍ക്ക് .. 
അല്‍പ്പം നിശബ്ദതയ്ക്ക് ശേഷം അവന്‍ പറഞ്ഞു ഞാന്‍ .. ഞാന്‍ ഡോക്ടര്‍ അജയകുമാര്‍.
പിന്നെ അവനെന്നെ കെട്ടിപിടിച്ച് ഒരു കരച്ചിലായിരിന്നു..
ചുറ്റുമുള്ളവര്‍ നോക്കിനിന്നു ..
ഞങ്ങളൊന്നും അറിഞ്ഞില്ല കാലങ്ങള്‍ പിന്നെലെയ്ക്ക് ഓടികൊണ്ടിരിന്നു ..
പറിങ്കമാവുകളും , പാറക്കുട്ടങ്ങളും , അമ്പല കുളങ്ങളും , സിനിമാ കൊട്ടകകളും , ഉത്സവ പറമ്പുകളും, ഗാനമേളകളും , കഥാപ്രസംഗ്ഗങ്ങളും, സമരങ്ങളും,കൊച്ചു കൊച്ചു അടിപിടികളും, ചില സ്വാകാര്യ പ്രണയങ്ങളും. കുസ്രിതികളും. നമ്മള്‍ കുഞ്ഞുങ്ങളായ്..
വളരെ വളരെ വൈകി കടല്‍ തീരത്തുനിന്ന് യാത്ര പറയുമ്പോള്‍ ചെറിയ ബോട്ടുകള്‍ കടലിന്‍റെ അനന്തതയിലേയ്ക്ക് യാത്രയാകുന്നത് കാണാം. അവന്‍ കണ്‍മറയും വരെ ഞാനവിടെ നിന്നു.
കപ്പലണ്ടി .. കപ്പലണ്ടി .. 
ബംഗാളിയാണ് .. നമ്മുടെ ഉത്സവപറമ്പുകളെ അനുസ്മരിപ്പിക്കും .. 
100 ഫില്‍‌സ്.. ഞാനും ഒന്നുവാങ്ങി..
കൊറിച്ചുകൊണ്ട് ബസ്‌സ്റേഷന്‍ ലക്ഷമാക്കി നടന്നു ..
ജീവിതത്തില്‍ തിരിച്ചുകിട്ടിയ മധുരമുള്ള ചില ബാല്യത്തിന്‍റെ ഓര്‍മ്മയുമായ്.
അതെ ജീവിതം ഇങ്ങനെയും ആണ്.

ലാല്‍സ് ..
www.facebook.com/loveapril15

ജൂലൈ 19, 2014

അന്നുകണ്ട സ്വപ്നത്തിൽ.

ചെറുകഥ.


ആരോ തട്ടി വിളിക്കുന്നത്‌ കേട്ടാണ് അവനുണർന്നത്, മിന്നലായ് എന്തോ മിന്നിമാറിയതുപോലെ തോന്നി. പെട്ടന്നാണ് ഓർത്തത് ഇന്ന് രാത്രി അവൾ ഉറപ്പായും വരണമെന്ന് പറഞ്ഞിരിന്നു. പതുക്കെ അവനെഴുന്നേറ്റു ഒച്ചയുണ്ടാക്കാതെ വാതിൽതുറന്ന് ഇറയത്ത്‌ ഇറങ്ങി, ചുറ്റും കണ്ണോടിച്ചു ആരുമില്ലെന്ന് ഉറപ്പാക്കി മുറ്റത്തേയ്ക്കിറങ്ങി. നല്ല ഇരുട്ടാണ്‌, ഇന്നലെപെയ്ത മഴയുടെ ബാക്കിയായ് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. അതിലൊന്നും ചവിട്ടാതെ പരിചിതമായവഴികളിലൂടെ നടന്നു തുടങ്ങി. ജഗ്ഷനിൽ ആരുമില്ല എന്നറിയാമായതിനാൽ ഒളിക്കാതെ കടന്നു പോകാൻ കഴിഞ്ഞു. ചെറുതായ് കാറ്റടിയ്ക്കുണ്ട് മഴനനഞ്ഞപോലെ കാറ്റിനും നല്ല കുളിർമ്മയുണ്ട്‌ എങ്കിലും നന്നായി വിയർക്കുന്നതായ് അവനറിഞ്ഞു. വിയർപ്പുകണങ്ങൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നു. മഴയെ പിടിച്ചു നിർത്തിയ ഇലകൾ കാറ്റത്ത്‌ മഴയായ് പെയ്തിറിങ്ങുന്നു. അവൻ അവളുടെ വീടിന് അടുത്തെത്തി.

നല്ല ഇരുട്ട് ചുറ്റിലും ആരുമില്ല അകലെയായ് പള്ളിയിൽ റാന്തൽ വിളക്ക് കരിദീപമായ് അർദ്ധമയക്കത്തിൽ കത്തുന്നു. ഒരൊറ്റ മിന്നമിന്നിയെയും കാണാത്തതിൽ അവനദിശയമായ്. ഗേറ്റ് അടഞ്ഞു കിടക്കുന്നു. തുറന്നാൽ ശബ്ദമുണ്ടായാലോ കമ്പുകൾ കൊണ്ട് നന്നായിയുണ്ടാക്കിയ വേലി ചാടിക്കടന്നു. ഒരാൾക്ക്‌ നടക്കാനുള്ള സ്ഥലം മാത്രം വൃത്തിയായ് ഉള്ളു. ബാക്കിയെല്ലാം കാട് പോലെ. ഇവിടം അത്ര പരിചിതമല്ല. പക്ഷെ നടക്കാനുള്ള വഴി കൂരിരിട്ടിലും തെളിഞ്ഞു കാണാം. മെല്ലെ മെല്ലെ നടന്ന് അവളുടെ മുറി എതാകും, മാറിയാൽ അത് മതി അവനിൽ അൽപ്പാൽപ്പമായ് ഭയം ചെറിയ തണുപ്പ്പോലെ പെരുപ്പായ് കാലിലൂടെ കയറാൻ തുടങ്ങി. നന്നായുള്ള വിയർപ്പും തണുപ്പും അവനിൽ ചെറിയവിറയിലുണ്ടാക്കി അവന്റെ നടത്തത്തിന് വേഗത കുറഞ്ഞു. അവനറച്ചുനിന്നു.

പെട്ടന്ന് അകലെനിന്ന് ഒരു ചെറിയ പ്രകാശം അവനരികിലേക്ക്‌ അടുത്തടുത്ത് വന്നു. അവനോളിക്കാൻ ശ്രമിച്ചു കൈകാലുകൾ അനങ്ങുന്നില്ല. ആപ്രകാശം അവനരികിൽ വന്ന് ചുറ്റുമായ്‌ വട്ടം കറങ്ങി. അവൻ ശ്രദ്ദിച്ചുനോക്കി ചെറിയ പ്രാണിയായ് വന്ന് വെളുത്ത ശലഭമായ് മാറുന്നു പെട്ടന്ന് കുറെയേറെ ശലഭങ്ങളായ് വട്ടമിടുന്നു. അവനൊർമ്മവന്നു അവൾക്ക് ഏറെയിഷ്ടമുള്ള ശലഭങ്ങൾ. അവയുടെ ചിറകുകൾ പ്രകാശിക്കുന്നു , അവയുടെ ശരീരം വ്യത്യസ്തമായ് പല പല വർണ്ണങ്ങളാൽ മിന്നിതിളങ്ങുന്നു. അവയുടെ നീണ്ടചുണ്ടുകളിൽ രക്തം പുരണ്ടപോലെ ചുവപ്പായിരിക്കുന്നു. പക്ഷെ അവയെന്നെ അക്രമിക്കുന്നില്ല. ആ ശലഭങ്ങൾ വഴികാട്ടികളായ് അവന് മുന്നിലും പിന്നിലുമായ് പറന്നുകൊണ്ടിരിന്നു അവനവയെ അനുഗമിച്ചു. അവയുടെ പ്രകാശത്താൽ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല. പെട്ടന്ന് അവന്റെ കാലുകളിൽ എന്തോ ഭാരമായ് തട്ടി. അവനറിഞ്ഞു അവളുടെ മുറിയായിയെന്നു, കതക് അടച്ചിരിക്കുന്നു പൂക്കളാൽ മനോഹരമായ് അലങ്കരിച്ചിരിക്കുന്നു. അവൻ പൂക്കൾ മാറ്റി കതക് പതുക്കെ തുറന്നു. അവൾ നന്നായ് മൂടി പൊതച്ച് ഒന്നുമറിയാതെ ശാന്തമായ് ഉറങ്ങുന്നു. പതുക്കെ മുഖത്തുനിന്ന് പുതപ്പുമാറ്റാൻ തുടങ്ങി പിന്നിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു ... വേണ്ട നീയവളെ കാണണ്ട ..

ഞെട്ടിയുണർന്നു പരിഭ്രമമോടെ അവൻ ചുറ്റിലും നോക്കി നിറയെ ആളുകൾ തിങ്ങി നിൽക്കുന്നു .. പള്ളിയിൽ ഉച്ചത്തിൽ മണി മുഴങ്ങുന്നു ... ആളുകൾ ഉച്ചത്തിൽ കരയുന്നു , ചിലർ അലറുന്നു , കാക്കിയിട്ട പോലീസ്സുകാർ , ഒരാളുടെ കൈയിൽ പോലീസ്സ് നായ. മിന്നിത്തിളങ്ങുന്ന ലൈറ്റുമിട്ടു ആംബുലൻസ് , വെള്ളയിട്ടവർ , ചുറ്റുമുള്ളത് ഒന്നും കാണാനാകാതെ തൊണ്ടയിൽ ഉടക്കിയ വാക്കുമായ് തളർന്നു വീണവൻ, ആരും പിടിക്കുവനില്ലാതെ അപ്പോഴും മനസ്സ് പിറുപിറുക്കുന്നു ഞാനല്ല .. ഞാനല്ല .. ഞാനല്ല ..

>>>...ലാൽസ് ..
https://www.facebook.com/loveapril15