കുഞ്ഞെഴുത്തുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഞ്ഞെഴുത്തുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഓഗസ്റ്റ് 28, 2019

പ്രണയപ്പൂക്കാലം



ഓർമ്മകളിൽ വീണ്ടുമൊരു പ്രണയപ്പൂക്കാലം ഇപ്പോഴും ബാക്കിയുണ്ട്.
ചിലപ്പോൾ മനസ്സിനെ ആഴത്തിൽ തഴുകിയൊരു നൊമ്പരമായ് ഉറങ്ങാത്ത രാവുകൾക്ക് കൂട്ടിരിക്കാറുണ്ട്.

രാവുകളുടെ മധ്യാഹ്നത്തിൽ വാനിലെ നക്ഷത്രങ്ങളോട് നിന്റെ കഥകൾ പറയുമ്പോൾ പരിചിതരെപ്പോലെ അവരെന്റെ കഥകൾ ഓരോന്നും കേട്ട് മിന്നി മിന്നി ചിരിക്കാറുണ്ട്.

അതിനിടയിൽ ചിലപ്പോഴെങ്കിലും നിന്നോർമ്മകൾ പോലെ മേഘമതിലിനപ്പുറം നിന്ന് അമ്പളിമാമനും തലയാട്ടി കടന്നുപോകാറുണ്ട്.

അനുരാഗത്തിന്റ അഭിനിവേശത്തിൽ ചില രാത്രികളിൽ നിന്നോർമ്മകളും പേറികൊണ്ട് വാൽനക്ഷത്രങ്ങൾ ഭൂമിയിലേയ്ക്ക് കത്തിയെരിഞ്ഞു വീഴാറുണ്ട്.

സുഖലോല സ്വപ്നവസന്തം മിഴികളെ തളർത്തുമ്പോൾ ഉറങ്ങാതെ തുറന്നിരിക്കുന്ന മനക്കണ്ണിന് നിന്റെ മുഖത്തെ സൂക്ഷ്മതന്മാത്രകളെ പോലും അളെന്നെടുക്കാൻ കഴിയുന്നുണ്ട് ഇന്നും.

മനസ്സും മനസ്സും സംഘർഷത്തിൽ തമ്മിലടിക്കുമ്പോൾ ഞാനെപ്പോഴും കാഴ്ചക്കാരനായ് മാറിനിൽക്കും.

എനിക്കറിയാം നീയൊരു ഉരുക്കുകോട്ടയാണെന്ന് തമ്മിലടിച്ചു തളർന്നവർ ഉറങ്ങുമ്പോൾ നൊമ്പരങ്ങൾ വീണ്ടും എനിക്കായ് ബാക്കിയാകും.

അതിൽ നിന്റെ ഉയിരിന്റെ ചുവന്ന പാടുകളുണ്ടാകും. ചിലപ്പോൾ ഊർജ്ജത്തിൽ നിന്നടർന്നുവീണ വിയർപ്പുകണങ്ങൾ ഉണ്ടാകും.

എന്നാത്മരതികൾക്ക് മൂർച്ഛകൂട്ടാൻ നീ സ്വയമെടുത്തെറിഞ്ഞ വാക്കുകളുടെ കത്തിതീരാത്ത അസ്ഥികളുണ്ടാകും. അതിൽ നിന്നുയരുന്ന നിന്നോർമ്മകളെ കുഭത്തിലാക്കി കടലിൽ കളയണം.

സഫലമാകണം ഈ കാത്തിരിപ്പിന്റെ നൊമ്പരപ്പൂക്കൾ വിണ്ണിലെയൊരു നക്ഷത്രമായ് തിളങ്ങി നിൽക്കട്ടെ. പ്രണയം സായൂജ്യമണയട്ടെ.

ലാലു. രാധാലയം.
"""""""""""""""""""""""""""
lalunmc@gmail.com.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

മേയ് 13, 2018

ഇന്ന്

ഇന്ന്

ഇന്ന്.
ഉയരുന്ന കരങ്ങളില്‍ വിലാപങ്ങള്‍ മാത്രം.
ജനാധിപത്യം വെറും ആധിപത്യങ്ങള്‍ മാത്രം.
സമാദാനം ശൂന്യമാക്കിയ മനസ്സുകളിലെല്ലാം-
വര്‍ഗ്ഗീയവിഷം വമിക്കും പ്രതികാരങ്ങള്‍ മാത്രം.
ചതുരംഗ പലകയിലെ കരുക്കള്‍ നമ്മള്‍ -
കളം നിറയ്ക്കുന്നതും കളിക്കുന്നതുമവര്‍ മാത്രം.
സൂര്യനസ്തമിക്കുമ്പോള്‍ ചന്ദ്രനുദിക്കുന്നുണ്ടെങ്കിലും,
സൂര്യചന്ദ്രന്മാരിലും വര്‍ഗ്ഗീയതയൂട്ടുന്നവര്‍,
തിരക്കൊഴിഞ്ഞ ദൈവസന്നിധിയില്‍,
ഉദിച്ചുയരുന്ന ആള്‍ ദൈവങ്ങള്‍ക്ക് മുന്നില്‍,
സ്തംഭിതപ്രക്ജനാം ഭക്തകുചേലെന്മാരെ മാപ്പ്, 
മനസ്സേ മടങ്ങുക ഞാന്‍ ഷണ്ട്നാണ്,

ലാലു , കടയ്ക്കല്‍ ..

മേയ് 04, 2018

ഓർമ്മപ്പൂക്കൾ



വളരെയേറെ നാളുകൾക്ക് ശേഷം ഒരു പഴയ ആത്മമിത്രത്തിൻ്റെ അക്ഷരപ്പുരയിൽ എത്തിനോക്കി. 

വാക്കുകൾ പൂത്തുനിൽക്കുന്ന പൂന്തോട്ടമാണ് ഇന്നവിടം. 

എൻ്റെ നിയന്ത്രണങ്ങൾ വിട്ട്  ഓർമ്മകൾ ശലഭങ്ങളെപ്പോലെ ഓരോ പൂവിലും പറന്നു നടക്കുന്നു.

എത്ര തിരക്കാണ് ആ ശലഭങ്ങൾക്ക്. ഒന്നിൽ ചെന്നിരിക്കുമ്പോൾ മറ്റൊരു പൂവ് ചിരിച്ചുകൊണ്ട് മാടി വിളിക്കുന്നു. 

അവരുടെ കുസൃതികൾ കണ്ടു കണ്ട്  പൂന്തോട്ടത്തിലൂടെ ഞാനും നടക്കുകയാണ്. എത്ര സുഗന്ധമുള്ള ദിനങ്ങളായിരിന്നു അന്ന്. മെയിലുകളുടെ പ്രവാഹത്തിൽ ദൂരങ്ങൾ അലിഞ്ഞുപോയിരുന്ന നാളുകൾ. തിരക്കുള്ള നഗരത്തിലൂടുള്ള ഓട്ടങ്ങളിൽ ആ കിതപ്പുകൾ ഇവിടെയും അനുഭവിച്ചറിഞ്ഞ സുഖമുള്ള ഓർമ്മകൾ. 

ഇന്നീ ഉദ്യാനത്തിൽ പൂക്കുന്ന ഓരോ പൂവിനും എന്നെ പരിചയമാണ്. എൻ്റെ ഗന്ധം പരിചയമാണ്. നായ്ക്കൾക്ക് മാത്രമല്ല  പൂക്കൾക്കും ഗന്ധങ്ങളെ ഓർമ്മകളിൽ കാലങ്ങളോളം സൂക്ഷിച്ചു വെയ്ക്കാൻ കഴിയും. 

ചിലതെല്ലാം നിമിത്തങ്ങളാണ്. 

നമ്മൾ ഒരിക്കലും നഷ്ടമാകില്ല എന്ന് കരുതുന്നവ നമ്മെ നോക്കുകുത്തിയാക്കി നടന്നകലും. നിശ്ശബ്ദം നമ്മുക്ക് നോക്കിനിൽക്കാനേ പലപ്പോഴും സാധ്യമാകുള്ളൂ . 

ഓരോ നഷ്ടങ്ങളും ഓർമ്മയുടെ പുസ്തകത്തിലെ ഓരോ ഏടുകളാണ്. ചിലതിന്  പഴയതിൻ്റെ  രൂപഭംഗി ഉണ്ടായിരിക്കാം എങ്കിലും വിഭിന്നമാണ്‌. 

അതിനാലാകും വീണ്ടും വീണ്ടും നമ്മൾ മാത്രം തോറ്റുകൊണ്ടിരിക്കുന്നത്. കെണിയിൽ ഉടക്കി വച്ചിരിക്കുന്ന  ബ്രഡ്ഡ് കഷ്ണം എടുക്കാൻ വീണ്ടും വീണ്ടും ഏലി ശ്രമിക്കുന്നത് കെണിയിൽ കുരുങ്ങി മരിക്കും എന്ന്  അറിയില്ലാത്തതിനാൽ അല്ല. വിശപ്പ് പ്രേരിപ്പിക്കുന്നതാണ്. 

അതുപോലെയാണ് ചില ആത്മബന്ധങ്ങൾ നമ്മെ തനിച്ചാക്കി നടന്നകന്നുപോയ ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് ഇടതു നെഞ്ചിൽ വിങ്ങുമ്പോളും വീണ്ടും പുതിയ ആത്മബന്ധുക്കൾ നമ്മെയും നോക്കി ചിരിക്കാറുണ്ട് ...

പൂന്തോട്ടത്തിൽ പൂക്കാൻ കൊതിക്കുന്ന മൊട്ടുകൾ പോലെ മനസ്സും വിതുമ്പാറുണ്ട് ... 

ചിലപ്പോൾ ചില പൂക്കളെ കാണുമ്പോൾ മനസ്സും ശലഭങ്ങളെപ്പോലെ പറന്നകന്നു പോകാറുമുണ്ട് ... 

മൂന്ന് മാസത്തിൽ ക്രമസംക്രമണം പൂർത്തിയാക്കി ശലഭങ്ങൾ മരിച്ചുപോകും... 

വീണ്ടുമൊരു പൗർണ്ണമി രാവിൽ ഒരു ഗന്ധർ വ്വനായ്  ഓർമ്മകൾക്ക് കൂട്ടായ് വരുമായിരിക്കാം. 

ചിലപ്പോൾ വരാതെയുമിരിക്കാം. 

എങ്കിലും ഓർമ്മകൾക്ക് മരണമില്ലല്ലോ. 

ലാലു. രാധാലയം. 

മേയ് 12, 2017

വികടചിന്തകള്‍



ആദ്യവായനയില്‍ അക്ഷരങ്ങള്‍ മാത്രമാകും,
പുനര്‍വായനയില്‍ ആത്മാവിലേയ്ക്ക് ചെല്ലാം.
ജീവിതാനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അര്‍ത്ഥവും ആഴവുമറിയാം. അതിനിടയില്‍ എവിടെയോ നമ്മളെ തിരിച്ചരിയുകയുമാകാം.