മേയ് 04, 2018

ഓർമ്മപ്പൂക്കൾ



വളരെയേറെ നാളുകൾക്ക് ശേഷം ഒരു പഴയ ആത്മമിത്രത്തിൻ്റെ അക്ഷരപ്പുരയിൽ എത്തിനോക്കി. 

വാക്കുകൾ പൂത്തുനിൽക്കുന്ന പൂന്തോട്ടമാണ് ഇന്നവിടം. 

എൻ്റെ നിയന്ത്രണങ്ങൾ വിട്ട്  ഓർമ്മകൾ ശലഭങ്ങളെപ്പോലെ ഓരോ പൂവിലും പറന്നു നടക്കുന്നു.

എത്ര തിരക്കാണ് ആ ശലഭങ്ങൾക്ക്. ഒന്നിൽ ചെന്നിരിക്കുമ്പോൾ മറ്റൊരു പൂവ് ചിരിച്ചുകൊണ്ട് മാടി വിളിക്കുന്നു. 

അവരുടെ കുസൃതികൾ കണ്ടു കണ്ട്  പൂന്തോട്ടത്തിലൂടെ ഞാനും നടക്കുകയാണ്. എത്ര സുഗന്ധമുള്ള ദിനങ്ങളായിരിന്നു അന്ന്. മെയിലുകളുടെ പ്രവാഹത്തിൽ ദൂരങ്ങൾ അലിഞ്ഞുപോയിരുന്ന നാളുകൾ. തിരക്കുള്ള നഗരത്തിലൂടുള്ള ഓട്ടങ്ങളിൽ ആ കിതപ്പുകൾ ഇവിടെയും അനുഭവിച്ചറിഞ്ഞ സുഖമുള്ള ഓർമ്മകൾ. 

ഇന്നീ ഉദ്യാനത്തിൽ പൂക്കുന്ന ഓരോ പൂവിനും എന്നെ പരിചയമാണ്. എൻ്റെ ഗന്ധം പരിചയമാണ്. നായ്ക്കൾക്ക് മാത്രമല്ല  പൂക്കൾക്കും ഗന്ധങ്ങളെ ഓർമ്മകളിൽ കാലങ്ങളോളം സൂക്ഷിച്ചു വെയ്ക്കാൻ കഴിയും. 

ചിലതെല്ലാം നിമിത്തങ്ങളാണ്. 

നമ്മൾ ഒരിക്കലും നഷ്ടമാകില്ല എന്ന് കരുതുന്നവ നമ്മെ നോക്കുകുത്തിയാക്കി നടന്നകലും. നിശ്ശബ്ദം നമ്മുക്ക് നോക്കിനിൽക്കാനേ പലപ്പോഴും സാധ്യമാകുള്ളൂ . 

ഓരോ നഷ്ടങ്ങളും ഓർമ്മയുടെ പുസ്തകത്തിലെ ഓരോ ഏടുകളാണ്. ചിലതിന്  പഴയതിൻ്റെ  രൂപഭംഗി ഉണ്ടായിരിക്കാം എങ്കിലും വിഭിന്നമാണ്‌. 

അതിനാലാകും വീണ്ടും വീണ്ടും നമ്മൾ മാത്രം തോറ്റുകൊണ്ടിരിക്കുന്നത്. കെണിയിൽ ഉടക്കി വച്ചിരിക്കുന്ന  ബ്രഡ്ഡ് കഷ്ണം എടുക്കാൻ വീണ്ടും വീണ്ടും ഏലി ശ്രമിക്കുന്നത് കെണിയിൽ കുരുങ്ങി മരിക്കും എന്ന്  അറിയില്ലാത്തതിനാൽ അല്ല. വിശപ്പ് പ്രേരിപ്പിക്കുന്നതാണ്. 

അതുപോലെയാണ് ചില ആത്മബന്ധങ്ങൾ നമ്മെ തനിച്ചാക്കി നടന്നകന്നുപോയ ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് ഇടതു നെഞ്ചിൽ വിങ്ങുമ്പോളും വീണ്ടും പുതിയ ആത്മബന്ധുക്കൾ നമ്മെയും നോക്കി ചിരിക്കാറുണ്ട് ...

പൂന്തോട്ടത്തിൽ പൂക്കാൻ കൊതിക്കുന്ന മൊട്ടുകൾ പോലെ മനസ്സും വിതുമ്പാറുണ്ട് ... 

ചിലപ്പോൾ ചില പൂക്കളെ കാണുമ്പോൾ മനസ്സും ശലഭങ്ങളെപ്പോലെ പറന്നകന്നു പോകാറുമുണ്ട് ... 

മൂന്ന് മാസത്തിൽ ക്രമസംക്രമണം പൂർത്തിയാക്കി ശലഭങ്ങൾ മരിച്ചുപോകും... 

വീണ്ടുമൊരു പൗർണ്ണമി രാവിൽ ഒരു ഗന്ധർ വ്വനായ്  ഓർമ്മകൾക്ക് കൂട്ടായ് വരുമായിരിക്കാം. 

ചിലപ്പോൾ വരാതെയുമിരിക്കാം. 

എങ്കിലും ഓർമ്മകൾക്ക് മരണമില്ലല്ലോ. 

ലാലു. രാധാലയം. 

Related Posts

ഓർമ്മപ്പൂക്കൾ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.