ഒക്‌ടോബർ 15, 2017

സതീര്‍ത്ഥ്യനോട്

ഗതകാലസ്മരണകള്‍ ഇരമ്പുന്ന ബാല്യകാലത്തിലേയ്ക്ക് ആര്‍ക്കും ആരോടും ഒന്നും മിണ്ടാനില്ലാത്ത വര്‍ത്തമാന കാലത്ത് നിന്നുകൊണ്ട് ഒരു തിരനോട്ടം..


www.facebook.com/loveapril15

സെപ്റ്റംബർ 28, 2017

വിടരാത്ത സ്വപ്‌നങ്ങള്‍

പുലരുവോളം പൂത്ത സ്വപ്നമേ നീയും,
പുലർന്നപ്പോൾ കൊഴിഞ്ഞു പോയതെന്തേ.

പൂർണ്ണമായൊരു പൂവ് കൊഴിയുന്നപോലെ,
പൂർണ്ണേന്തു നിലാവിൽ തിളങ്ങുന്നപോലെ,
പൂക്കാലത്ത്‌ ചിരിക്കുന്ന ശലഭങ്ങൽ പോലെ
പൂപാടത്ത് ചിലയ്ക്കുന്ന തത്തകൾ പോലെ.

പുലരുവോളം പൂത്ത സ്വപ്നമേ നീയും,
പുലർന്നപ്പോൾ കൊഴിഞ്ഞു പോയതെന്തേ.

ഉദയാസ്തമയങ്ങൾക്കെത്ര ദൂരമുണ്ട്.
ഉദരവും അധരവും തമ്മിലെത്രകലമുണ്ട്.
ഉടയാടകൾ കൊണ്ടളർന്നവർ ഉലകത്തിൽ
ഉടമസ്ഥരാണെന്ന് അഹങ്കരിക്കുന്നുണ്ട്.

പുലരുവോളം പൂത്ത സ്വപ്നമേ നീയും,
പുലർന്നപ്പോൾ കൊഴിഞ്ഞു പോയതെന്തേ.

ഇവിടെന്റെ സ്വപ്‌നങ്ങൾ മരിച്ചുപോകും.
ഇവിടെന്റെ ജീവനും കൊഴിഞ്ഞുപോകും.
ഇവിടത്തെ ഉടമസ്ഥനല്ല ഞാനന്നുമിന്നും.
ഇവിടെ ഞാൻ വെറുമൊരു സഞ്ചാരിമാത്രം.

പുലരുവോളം പൂത്ത സ്വപ്നമേ നീയും,
പുലർന്നപ്പോൾ കൊഴിഞ്ഞു പോയതെന്തേ.ലാലു. രാധാലയം
www.facebook.com/loveapril15


ജൂലൈ 14, 2017

പാരിജാതം.

  പാരിജാതം.
   ചെറുകഥ.

അറില്ലാത്ത നമ്പരാണ് എടുക്കണമോ വേണ്ടയോ അവന്‍ ഒന്നറച്ചു എടുക്കാം അപ്പോഴേക്കും ഫോണ്‍ കട്ടായി. ഹോ .. രക്ഷപെട്ടു എന്നാശ്വസിച്ചു തിരികെ പണികളിലേയ്ക്ക് കടന്നു ഇന്ന് ആണ് ആകെയുള്ള ഒരവധി എത്രയാ ജോലികൾ റൂം വൃത്തിയാക്കണം തുണികൾ അലക്കണം ഭക്ഷണം ഉണ്ടാക്കണം അങ്ങനെ അങ്ങനെ കുറെ ജോലികൾ സ്വയം പിറുപിറുത്തുകൊണ്ട് ജോലികളിൽ വ്യാപൃതനായ്.

വീണ്ടും ഫോൺ അടിക്കുന്നു. നേരത്തെ വിളിച്ച അതെ നമ്പർ നെറ്റ് കാളാണ് കുറെ സീറോകൾ ഇപ്പോൾ കള്ളന്മാർ നമ്മുടെ ഡീറ്റൈലുകൾ അടിച്ചുമാറ്റാൻ വിളിക്കുന്ന കാര്യം വായിച്ചത് ഓർമ്മവന്നു. അൽപ്പനേരം അതിൽ തന്നെ നോക്കിയിരുന്നു. ആരാ നമ്മളെ ഇങ്ങോട്ട് വിളിക്കാൻ ചിന്തകൾ അങ്ങനെ വേട്ടയാടാൻ തുടങ്ങിയപ്പോൾ എടുത്തു.

ഹലോ ..
ഹലോ .. ഹലോ ..

മറുപുറത്തു നിന്ന് ശബ്ദം ഒന്നും വരുന്നില്ല.

കുറച്ചുകൂടി ഗൗരവത്തിൽ ചോദിച്ചു ഹലോ ...

ഹലോ ... മറുതലയിൽ നിന്ന് മൃദുലമായ മറുപടി വന്നു പെൺ ശബ്ദമാണ് ..

വിനയൻ
അല്ല .
സോറി റോങ്ങ് നമ്പർ ..
ലൈൻ കട്ട് ചെയ്തു തിരികെ കിച്ചനിലേയ്ക്ക് നടക്കുമ്പോൾ മുറുമുറുത്തു

വിനയൻ ആണോ !
പിന്നല്ലാതെ വിനയൻ പിന്നെ പെണ്ണാണോ ..

ഉള്ളി എടുത്തു തൊലികളഞ്ഞു തുടങ്ങി. പതിവുപോലെ കണ്ണ് അതിൻ്റെ പണി തുടങ്ങി. ഇപ്പോൾ ആകെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നത് ഈ ഉള്ളി അരിയുമ്പോൾ മാത്രമാണ് . അവനോർത്തു. പണ്ട് ദുരിതങ്ങളുടെ സങ്കടക്കടൽ എല്ലാം ദിവസവും തുടങ്ങുന്നതും ഒടുങ്ങുന്നതും മനമുരുകുന്ന കണ്ണീർ മഴയിൽ ആയിരിന്നു.

അവന്‍റെ ഓർമ്മകൾ ബാല്യത്തിലേയ്ക് യാത്രയായ്..
ഓലമേഞ്ഞ ഒറ്റമുറി വീട് മുന്നിൽ തെളിഞ്ഞു വന്നു. അടുക്കള പാതിയും ഓലകൊണ്ട് കുത്തിമറഞ്ഞിരിന്നു. മൂന്ന് കല്ലുകൾ കൂട്ടിയ അടുപ്പിൽ പുക ഉയരുന്നത് സന്തോഷദിനങ്ങൾ ആയിരിന്നു. കപ്പ പുഴുക്കും മുളക് ഉടച്ചതും എന്ത് സ്വാദ് ആയിരിന്നു. മൺകലത്തിൽ അരനാഴി അരിയിൽ നിറയെ വെള്ളമൊഴിച്ച കഞ്ഞിയിൽ ഒരു പറ്റ് കിട്ടുന്നത് ആഹ്ളാദമായിരുന്നു. എങ്കിലും മനസിന് അനന്തമുണ്ടായിരുന്നു. ഓടിക്കളിച്ചിരുന്ന ബാല്യത്തിൽ തോളിൽ കയറി കുത്തിമറിയാൻ കൂട്ടത്തിലെ തടിയൻ മടിയില്ലാതെ താഴ്ന്നു തരുമായിരുന്നു. അതൊക്കെ ഒരുകാലം ഇന്നോ .. വെറുതെ അവനോർത്തു കറി അടുപ്പത്താക്കി അതാ ഫോൺ വീണ്ടും അടിക്കുന്നു.

നാശം കൈതുടച്ചുകൊണ്ട് ഫോൺ എടുത്തു അതെ നെറ്റ് നമ്പർ ..

ഹലോ ..

ഹലോ ഞാൻ പാരിജാതം.

പെൺ ശബ്ദം പേരുപറഞ്ഞു.
അതിന്... എന്താ വേണം ഞാൻ പറഞ്ഞില്ലേ ഞാൻ വിനയൻ അല്ല എന്ന്.

അതെ അത് മനസിലായ്.

ആഹാ ആള് സ്മാർട്ട് ആണല്ലോ അവൻ മനസ്സിൽ പറഞ്ഞു.

പറയൂ ..
താങ്കളുടെ പേരെന്താണ് ..
താങ്കൾ നല്ല വിശേഷണം ..

അപ്പോൾ എന്തായാലും വല്ല ഇഷ്വറൻസ് കാരിയോ LIC യോ ഒക്കെയാകും ഇവർക്കാണല്ലോ ഈ ബഹുമാനം കൂടുതൽ . അല്ലങ്കിൽ ടെലിഫോൺ ഓഫർ പറയാനാകും അതിന് ഗൾഫിലേയ്ക് വിളിക്കണ്ടല്ലോ ! ഇനി ടൂർ പാക്കേജുകാരാണോ ? ക്ഷണിക നേരംകൊണ്ട് അവൻറെ ചിന്തകൾ സൂപ്പർ കംപ്യുട്ടർ പോലും തോൽപ്പിച്ചുകൊണ്ട് സഞ്ചരിച്ചു.

ഭദ്രൻ.

ഭദ്രൻ നല്ല പേര്.
താങ്ക്സ് ഫോർ യുവർ കൈൻഡ് കോമ്പ്ളിമെണ്ട്.

അതെ താളത്തിൽ മറുപടി നൽകി.
പറയൂ ശരിക്കും മിസ്സ് / മിസ്സിസോ

മിസ് ..
ഒകെ മിസ് പാരിജാതത്തിന് എന്താ വേണ്ടത്.

മിസ്റ്റർ ഭദ്രൻ ഞങ്ങൾ ഒരു ചാരിറ്റി നടത്തുന്നു. താങ്കൾക്ക് സഹായിക്കാൻ കഴിയുമോ ?
മെയിൽ ഐഡി തന്നാൽ നമ്മുടെ പ്രസ്ഥാനത്തെ കുറിച്ചുള്ള വിശദാശംങ്ങൾ നൽകാം.

ഇല്ലല്ലോ .. ചാരിറ്റി തീരെ താല്പര്യമില്ല.
അതിനുള്ള സെറ്റപ്പൊന്നും നമ്മുക്ക് ഇല്ല. വരുമാനവും ഇല്ല.
അല്ല താങ്കൾ മെയിൽ ഐഡി തരൂ
ഇല്ലന്നെ താല്പര്യം ഇല്ല പിന്നെന്തിനാ ..
ഓക്കേ സാർ . താങ്കളുടെ ഇഷ്ടം . എങ്കിലും താങ്കൾ ഒന്നാലോചിക്കൂ ഞാൻ അൽപ്പം കഴിഞ്ഞു വിളിക്കാം. ഫോൺ കാട്ടായ്.

ഇതെന്ത് പരിപാടിയാ .. താത്പര്യം ഇല്ല എന്ന് പറഞ്ഞാലും വിടില്ലയോ ...
അപ്പോഴേക്കും അടുപ്പിൽ നിന്ന് കരിഞ്ഞ മണം അടിച്ചുതുടങ്ങി.. അയ്യോ എൻ്റെ ചിക്കൻ ഓടി .. അടപ്പ് പിടിച്ചതും ചൂട് .. തെറിച്ചു താഴെവീണു. ഒന്നിളക്കി ...

പാരിജാതം. ആ പേര് വല്ലാതെ മനസിനെ അലട്ടുന്നു. എവിടെ നിന്നോ അക്ഞ്ജാതമായി ഇന്ന് എന്നെ തേടിയെത്തിയ അഥിതി.

സഹായിക്കുമോ ! ഈ വാക്കുകൾ പോലും ഇപ്പോൾ അറപ്പാണ്. സഹായങ്ങൾ ഇല്ലാതെ നേടിയതാണ് ഈ ജീവിതം. എല്ലാ സഹായവും കടം കൊള്ളലാണ്. അത് വാക്കാലും തലോടലായും പകരം വീട്ടലായും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. നിസ്വാർത്ഥമായ സഹായങ്ങൾ എന്നൊന്ന് ഉണ്ടോ ? അവൻ വെറുതെ ആലോചയുടെ പാണ്ടകെട്ടുകൾ അഴിച്ചെടുക്കാൻ തുടങ്ങി.

കറി വാങ്ങിവെച്ചു. അതെ അടിപ്പിൽ ചോറിനായ് അരിയിട്ട് തുണികൾ അലക്കാൻ ആയി ബക്കറ്റിൽ നനയ്ക്കാൻ വെച്ചു .

ഫോൺ വീണ്ടും അടിക്കുന്നു. ബാത്‌റൂമിൽ നിന്ന് നടക്കുമ്പോൾ പാരിജാതം എന്ന പേര് അവനിൽ റിഗ് ട്യൂണിന്റെ താളത്തിൽ പാട്ടായ് മൂളി .. പാരിജാതം തിരുമിഴി തുറന്നു. പവിഴമുന്തിരി പൂത്തു വിടർന്നു നീലോൽപലമിഴി, നീലോൽപലമിഴി നീമാത്രമെന്തിനുറങ്ങി .... .

ഹ ഹ ഹ .. അതെ നമ്പർ ഫോൺ എടുത്തു.

പറയൂ പാരിജാതം ...

ഹി ഹി ഹി അവളും ചിരിച്ചു.

ഭദ്രൻ സാർ എന്ത് തീരുമാനിച്ചു ഞങ്ങളെ സഹായിക്കുമോ ?

ഈ നമ്പർ നിങ്ങൾ എങ്ങനെയാണ് സംഘടിപ്പിച്ചത് . അതോ കറക്കി കുത്തിയതോ ?

അല്ല സാർ സാറിന്റെ സുഹൃത്തു വിനയൻ തന്നതാണ്. അദ്ദേഹം നമ്മുടെ സംഘടനയുമായ് സഹകരിക്കുന്നുണ്ട്.

വിനയൻ.
പേരിൽ മാത്രമേ വിനയമുള്ളൂ. തല്ലുകൊള്ളിയാ അവസാനം കണ്ടപ്പോൾ പിണങ്ങി പോയതാ . രണ്ടടിച്ചാൽ പിന്നെ സ്വബോധം തീരെയില്ല അച്ഛനെയും അളിയാ എന്നെ വിളിക്കൂ ഏമ്പോക്കി . എങ്കിലും പാവമാ ബോധം വന്നാൽ ആദ്യം തലേദിവസം തെറി പറഞ്ഞവരോട് മാപ്പിരക്കാലാ പ്രധാന പണി. ഇവൻ തന്ന പണിയാണ് ഇത് അല്ലെ അപ്പോൾ റോങ്ങ് നമ്പർ അല്ല . നേരത്തെ പറഞ്ഞ വിനയൻ ഇവനാണ് നമ്മൾ പറയാൻ സമ്മതിക്കാതെ കട്ട് ചെയ്യിപ്പിച്ചതാ. പോട്ടെ ആലോചനകൾ മലകയറി.

നോക്കൂ പാരിജാതം എനിക്ക് ചാരിറ്റിയോട് തീരെ താൽപ്പര്യം ഇല്ല. കുട്ടി സമയം കളയാതെ മറ്റാരോടെങ്കിലും ബന്ധപ്പെടൂ സമയലാഭവും ഉപയോഗപ്രദവും ആയിരിക്കും കടുപ്പിച്ചു പറഞ്ഞു ഒഴിയാൻ നോക്കി

രക്ഷയില്ല...

സാർ നമ്മൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ ഭക്ഷണവും അവർക്കു പുനഃരധിവാസവും വരുമാനമാർഗ്ഗവും നൽകി വരുന്നതാണ് നമ്മുടെ സംഘടന ചെയ്യുന്നത്. തെരുവിൽ ഉപേക്ഷിക്കുന്ന അമ്മമാർക്കായ് ഒരമ്മ വീട് എന്ന സങ്കല്പം യാഥാർഥ്യമാക്കുക എന്നതാണ് ഉദ്യേശലക്‌ഷ്യം. "മുക്തി" എന്നതാണ് നമ്മുടെ സംഘടനയുടെ പേര് സാർ നെറ്റിൽ നോക്കൂ, ഫേസ് ബുക്കിലും സജീവമാണ് നമ്മുടെ വളണ്ടിയർമാർ. സാറിന് നിരാശ ഉണ്ടാകില്ല. നമ്മൾ സന്നഗ്ദസേവകരാണ്.

ശാന്തവും മൃദുലവുമായ ശബ്ദം. വാക്കുകളിൽ പോലും അലിവും ദയയുമുണ്ട്. ഇഷ്ടമില്ല എന്നുപറഞ്ഞിട്ടും വീണ്ടും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. വാക്കുകളിലെ അനുകമ്പ ഫോൺ കട്ട് ചെയ്യാൻ അനുവദിക്കാത്തതുപോലെ.

ശരി ഞാൻ ഒന്നാലോചിക്കട്ടെ .. .

ശരി സാർ ഞാൻ വൈകിട്ട് വിളിക്കാം ..

ശരി സാർ നന്ദി. പോസിറ്റിവ് ആയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

ഫോൺ കട്ടായി.

എങ്കിലും ആ ശബ്ദം വല്ലാതെ പിന്തുടരുന്നു പോലെ ..

അടുക്കളയിൽ പോയി അരി വെന്തുകഴിഞ്ഞിരിക്കുന്നു.

ചോറ് ഊറ്റിവെച്ചു.

സമയം നോക്കി 11 മണി കഴിഞ്ഞു. ബാത്‌റൂമിൽ കയറി തുണിയലക്കും കഴിഞ്ഞു ഷവറിനടിയിൽ കയറി .. ഷവറിലെ കുളി ഒരാനന്തമാണ്‌ എന്നും മഴയിലെ കുളിപോലെ എപ്പോഴും നാട്ടിലേയ്ക്ക് കൊണ്ടുപോകും. ചിലപ്പോൾ ഓർക്കും പണ്ട് ഓലപ്പുരയുടെ അകത്ത്‌ മഴ പെയ്യുമ്പോൾ ഓടിനടന്ന കാലം. ഇപ്പോൾ പക്ഷേ ഓർക്കാൻ ശ്രമിച്ചാൽ പാരിജാതം എന്ന പേരിൽ ഉടക്കി നിൽക്കുന്നു.

കുളി കഴിഞ്ഞു ഇറങ്ങി നേരെ കമ്പ്യുട്ടർ ഓണാക്കി ഫ്‌ബി തുറന്ന് പാരിജാതം എന്ന പേർ പരതി നോക്കി.
ഈ പറഞ്ഞ ആങ്കിളിൽ കാണാനില്ല. പല പല പാരിജാതങ്ങൾ ഉണ്ട് പക്ഷെ അതൊന്നും ഇതാകില്ല എന്നുറപ്പ്.
പിന്നെന്ത് ചെയ്യും പെട്ടന്നാണ് ഓർമ്മ വന്നത് വിനയൻ. ഫോൺ എടുത്ത് അവനെ വിളിച്ചു. ഓഫാണ് ആള് ഹിറ്റാകും. അല്ലങ്കിലും ബോധം കഴിയുന്നവരെ കുടിക്കുക അതാണ് അവൻറെ ശീലവും. ഇപ്പോൾ കണ്ടിട്ട് ഒന്ന് രണ്ടു മാസവും ആയി. ഫോൺ എടുക്കുന്നില്ല. ഒന്നുകൂടി വിളിച്ചു നോക്കി ... എടുത്തു ..

ഹലോ ..
എന്താടാ ഫിറ്റാ ..
ഫിറ്റ് നിൻറെ തന്ത ... പതിവ് ശീലങ്ങൾ പൃതൃവന്ദനത്തോടെ തുടങ്ങുള്ളൂ ...

എടാ നീയെന്തിനാ എൻ്റെ നമ്പർ എല്ലാവർക്കും കൊടുക്കുന്നത്.
ഞാൻ ആർക്കും കൊടുത്തില്ല.
പിന്നെ എന്നെ വിളിച്ചതോ
ആര്
ഏതോ മുക്തി എന്ന സംഘടനയിൽ നിന്ന് ഒരു പാരിജാതം ..
ആഹ നിന്നെ വിളിച്ചോ
അതെ വിളിച്ചു നിനക്ക് വേറെ പിണിയൊന്നുമില്ലായിരിന്നോ എൻ്റെ നമ്പർ കൊടുക്കാൻ.
എന്നിട്ട് നീയെന്ത് പറഞ്ഞു.
എന്ത് പറയാൻ ഞാൻ ചാരിറ്റികൾ കൊടുക്കാറില്ല എന്ന് പറഞ്ഞു.
കഷ്ടം എടാ കോപ്പേ ... അവർ നല്ലൊരു കാര്യമാണ് ചെയ്യുന്നത് നിന്നെക്കൊണ്ട് പറ്റുന്നത് കൊടുത്താൽ മതി.
അതല്ലേ പറഞ്ഞത് എനിക്ക് പറ്റില്ല എന്ന്.
എടാ ആ പാരിജാതം നന്നായി സംസാരിക്കുന്നുണ്ട്. ഞാൻ ഫ്‌ബിയിൽ തപ്പിയിട്ട് കിട്ടിയില്ല.

അതെന്താ
നീ മുക്തി എന്ന സംഘടനയെ നോക്കിയോ
ഇല്ല
അത് നോക്ക്
ഓ ..
എടാ എന്താ പാരിജാതത്തെ നീ കോഡക്ട് ചെയ്തോ.
എസ്
എങ്ങനെ
ഞാൻ അവിടെ പോയ്
എവിടെ
അവരുടെ സംഘടനയിൽ
നീയോ സ്വബോധം ഉണ്ടെങ്കിൽ അല്ലേ നിനക്ക് പോകാൻ കഴിയൂ
അപ്പൊ നീയറിഞ്ഞില്ലേ
എന്ത്
ഞാൻ കുടി നിർത്തി
പോടാ
സത്യം
പോടാ അതിന് നിൻറെ തന്ത റിട്ടേർഡ് മേജർ പരമേശ്വരപ്പണിക്കർ കുഴീന്ന് നേരിട്ട് വന്നാൽ നടക്കില്ല.
അല്ലടാ സത്യമാ
ഞാൻ അമ്മയെ വിളിക്കാറുണ്ട്
നീയോ
അതേടാ സത്യം. 'അമ്മ എനിക്ക് കല്യാണവും ആലോചിക്കുന്നു ഇപ്പോൾ
ഈ വയസ്സാൻ കാലത്തോ . ..
അതെന്ന് എല്ലാം ഈ മുക്തിയിൽ പോയതിന് ശേഷമാണ്.
ആഹാ
അതിനു മാത്രം അവിടെ എന്താണ് ഉള്ളത്
ഒന്നുമില്ല എന്നതാണ് അവരുടെ പ്രശ്നം അത് പരിഹരിക്കാനുളള ശ്രമമാണ് അവർ നടത്തുന്നത് അവർക്ക് നിന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുക. മുക്തി ഒരു കണ്ണാടിയാണ് നിന്നെ നിനക്ക് കാണിച്ചു തരും എനിക്ക് എന്നെ കാണാൻ കഴിഞ്ഞ പോലെ . അപ്പോൾ നിനക്ക് പാരിജാതത്തെയും കാണാം. അവർക്ക് കാണാൻ കഴിയില്ല എങ്കിലും.
അതെന്താ അവൾ അന്ധയാണോ ? കാണാൻ കഴിയാതിരിക്കാൻ
അതെ !
ങ്ങേ ... പോടാ
അല്ല സത്യമാണ് ആ കുട്ടിക്ക് കാഴ്ചയില്ല പക്ഷെ അവരാണ് മുക്തിയുടെ എല്ലാം.
കാഴ്ചയെന്തിനാണ് നമ്മുക്ക് അളിയാ നമ്മൾ കാണുന്നത് എല്ലാം കാണാൻ പാടില്ലാത്തത് അല്ലേ ..
നമ്മൾ കണ്ടുകൊണ്ട് അന്ധരാകുന്നു അവർ കാഴ്ചയില്ലാതെ മറ്റ് ജീവിതങ്ങൾക്ക് വെളിച്ചം പകരുന്നു സ്വാന്തനമേകുന്നു .

ഹലോ എടാ ... നീയെന്താ ഒന്നും മിണ്ടാത്തത് ...
ഏയ് ഒന്നുമില്ല ..
ഫോൺ കട്ടാക്കി ..

പാരിജാതം ആ പേര് വല്ലാതെ അലട്ടുന്നു ...
ഫോൺ എടുത്തു നോക്കി സമയം ആയില്ല വൈകിട്ട് വിളിക്കാം എന്നാണല്ലോ പറഞ്ഞത് ..
വിളിക്കുമോ ...
സമയം 2 മണി കഴിഞ്ഞു .. വിശപ്പുമില്ല ..
ചിക്കനും ചോറും അവിടെയിക്കുന്നു .. പക്ഷെ മനസ്സ് വല്ലാതെ സംഘർഷഭരിതമാണ് ..
മുഴുകുടിയനായ ഇവനെ നന്നാക്കാൻ മാത്രം എന്താകും അവിടെ .. ആ കണ്ണാടിയിൽ
നേരെ ബാത്റൂമിൽ കയറി കണ്ണാടി നോക്കി ..
എന്നെ ഇവിടെയും കാണാമല്ലോ ..
സൂക്ഷിച്ചു നോക്കി ...
എന്താണ് എന്നിലെ പ്രത്യേകത ..
ഒന്നുമില്ല ... മുടികൾ നരച്ചു തുടങ്ങിയിക്കുന്നു.. കണ്ണുകൾക്ക് അടിയിൽ കറുത്ത പാടുകൾ തെളിഞ്ഞു വരുന്നുണ്ട് മീശ പണ്ടേ നരച്ചതാണ് .. മുഖത്ത് ചുളുവുകൾ കഴുത്തിലേയ്ക്കും പടർന്നിരിക്കുന്നു. മൂക്കിന് അകത്തു നിന്ന് വെളുത്ത രോമങ്ങൾ പുറത്തേക്കു എത്തിനോക്കുന്നപോലെ അമ്മയെ ഓർമ്മ വന്നു ഓരോ അവധിക്കും പറയും മൂക്കത്ത്‌ പല്ല് വരാറായ് കല്യാണം കഴിക്കാൻ. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളവും ഭയക്കുമ്പോലെ കല്യാണമെന്ന വാക്കുപോലും ഭയമാണ്... വീണ്ടും കണ്ണാടിയിൽ സൂക്ഷിച്ചു നോക്കിയപ്പോൾ ആരോ പിന്നിൽ നിന്ന് മാറുന്നതുപോലെ. തിരിഞ്ഞു നോക്കി ആരുമില്ല ... അതെ ആരുമില്ല എന്നോടൊപ്പം ... ആരുമില്ല ഞാൻ മാത്രം കണ്ണാടിയിൽ എൻ്റെ രൂപം എന്നെ ഭയപ്പെടുത്തും പോലെ. നോക്കാൻ കഴിയുന്നില്ല .. ചുറ്റിലും ശൂന്യത നടുവിൽ വെറുമൊരു ശരീരമായ് ഞാൻ സത്യം ബാക്കിയാകുന്നു, ഉള്ളിൽ ഒരു ഭയം പോലെ പെട്ടന്ന് ബാത്റൂമിൽ നിന്നിറങ്ങി കട്ടിലിൽ വന്നിരുന്നു, ആകെ ഒരു പരവേശം ഫ്രിഡ്ജ് തുറന്നു നോക്കി ബിയർ ബാക്കിയിരിക്കുന്നു ഒരെണ്ണം എടുത്തു നല്ല തണുപ്പ് വാഷ്ബേസിൽ കൊണ്ടുപോയ് വെള്ളം തുറന്നു അതാ വീണ്ടും കണ്ണാടി . എനിക്ക് നോക്കാൻ ഭയമാകുന്നപോലെ.. ഞാൻ മാത്രം ബാക്കിയെല്ലായിടവും ഇരുട്ട് മാത്രം.. അപ്പോൾ ഫോൺ വീണ്ടും അടിക്കുന്നു ബിയർ വാഷ്ബേസിൽ ഇട്ട് ഫോണടുത്തേയ്ക് ഓടി മനസ്സ് അറിയാതെ പറയുന്നു പാരിജാതം ... ഇപ്പോൾ നമ്പർ കാണാം 0091 ########

ഹലോ...
ഹലോ സാർ .. ആലോചിച്ചോ ..
അത് അത് പിന്നെ .. വാക്കുകൾ വരുന്നില്ല ..
എന്താ സാർ എന്ത് പറ്റി ...
ഇല്ല ഒന്നുമില്ല .. ഞാൻ വിനയനെ വിളിച്ചു .. കുട്ടിയെ കുറിച്ച് അറിയാൻ ..
എന്നിട്ട് .. അറിഞ്ഞോ ... എന്തെ എന്നെക്കുറിച്ചു .. മുക്തിയെ കുറിച്ച് ചോദിച്ചില്ലേ ..
ചോദിച്ചു ..
അപ്പോഴോ ..
പറഞ്ഞു എല്ലാം ..
ഗുഡ് ഇപ്പോൾ താങ്കൾക്ക് മനസിലായില്ലേ നമ്മൾ പറ്റിക്കുന്നവർ അല്ലെന്നു. താങ്കളുടെ സഹായം ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ ...
സഹായം മാത്രമല്ല ..
ഇനി ബാക്കിയുള്ള കാലം ഞാനും നിങ്ങളോടൊപ്പം.
അല്ല മുക്തിയോടൊപ്പം ഉണ്ടാകും.
ഇരുട്ടിൽ കഴിയുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ ...
നന്ദി സാർ ..
എപ്പോഴും വെളിച്ചം വേണ്ടത് ഇരുട്ടിനാണ് സാർ അത് വാക്കിലൂടയോ നോക്കിലൂടെയോ ഒരു കൈ താങ്ങിലൂടെയോ എങ്ങനെ ആയാലും നമ്മുക്ക് വേണ്ടത് മുക്തിയാണ്. ഏകത്വത്തിൽ നിന്നുള്ള മുക്തി. വിരക്തിയിൽ നിന്നുള്ള മുക്തി. ജീവിതത്തിൽ നിന്ന് മുക്തരാകും വരെ ജീവിത യാഥാർത്യങ്ങളിൽ നിന്നുള്ള മുക്തി.
സാർ .. കേൾക്കുന്നുവോ ...
ഹലോ .. ഹലോ ... മിസ്റ്റർ ഭദ്രൻ ..
യെസ് .. ഞാൻ കേൾക്കുന്നു ...
പാരിജാതം കേൾക്കുന്നു ...
ശരി സാർ ... ഇതാണ് നമ്പർ സാർ ഇനിയും വിളിക്കുമല്ലോ ..
തീർച്ചയായും ..

ഫോൺ കട്ടായി ..

ഒരു മൂകത മനസ്സിനെ വല്ലാതെ അലട്ടുന്നപോലെ ..

വാഷ്ബേസിൽ പോയ് കണ്ണാടിയിൽ നോക്കി ..
നല്ല വെളിച്ചം .. കണ്ണുകൾ നിറഞ്ഞൊഴുകിയിരിക്കുന്നു താൻ അതറിഞ്ഞില്ല എന്ന സത്യം പോലും അവൻ മറന്നു . കണ്ണിലെ അഴുക്കുകൾ പോയിരിക്കുന്നപോലെ അല്ല മനസ്സിലെ അഴുക്കുകൾ ....
കണ്ണാടിയിൽ വീണ്ടും വീണ്ടും അവൻ നോക്കി ...
പുറകിൽ വെള്ള പൂക്കൾ നിറയെ പൂത്തുനിൽക്കുന്നു..
എന്നും പൂക്കുന്ന തൊടിയിലെ പാരിജാതപൂക്കൾ മനസ്സിനെ കുളിർമ്മഴ പെയ്യിക്കുംപോലെ ... അവൻ്റെ കണ്ണുകൾ പേമാരിയായ് പെയ്തൊഴിയുന്ന ...
മനസ്സിൽ ശാന്തത മാത്രം ബാക്കിയാകുന്നു ...

സമയം വളരെയേറെ ആയിരിക്കുന്നു ...

ഉറക്കവും വിശപ്പും ഇന്ന് മറന്നു പോയിരിക്കുന്നു.

ലൈറ്റ്‌ അണച്ച് കിടക്കുമ്പോഴും മനസ്സിൽ വല്ലാത്ത പ്രകാശം പോലെ ..

കണ്ണുകൾ അടച്ചു മയക്കത്തിലേയ്ക് വഴുതിവീഴുമ്പോൾ ഇരുട്ടിൽ നിന്ന് പ്രകാശമായ് ദൂരെനിന്ന് ഒരു രൂപം അവനരികിലേയ്ക്ക് അടുത്തുവന്നു. കുറെ വെള്ള ശലഭങ്ങൾ മിന്നുന്ന കണ്ണുകൾ അവർ അവൻ്റെ അരികിൽ വന്നു വട്ടം കറങ്ങി അപ്പോൾ ദൂരെനിന്ന് മറ്റൊരു വെള്ള തേരിൽ കുറേപ്പേർ അവനരികിലൂടെ കൈവീശി കടന്നുപോകുന്നു. അതിൽ പരിചിത മുഖങ്ങൾ തന്നെ നോക്കി പുഞ്ചിരിക്കുന്നു.. അമ്മയുണ്ട് അച്ഛനുമുണ്ട് അമ്മുമ്മയുണ്ട് .. അങ്ങനെ അങ്ങനെ അനവധി പേർ കൈവീശി കടന്ന്പോകുന്നു .... ആദ്യമായ് തൻ്റെ സ്വപ്നത്തിൽ പ്രിയമായവരെ കണ്ടപ്പോൾ കൂടെ ആരെല്ലാമോ ഉള്ളപോലെ ....

പതിവിലും രാവിലെ ഉണർന്നു ഫോൺ എടുത്തു മനസ്സിൽ ഓർത്തു വിളിച്ചു
ഹലോ പാരിജാതം
നന്ദി പാരിജാതം ...
എന്നിലേ എന്നെ കാണിച്ചുതന്നതിന് നന്ദി ....

മറുതലയിൽ ഫോൺ ആരും എടുക്കുന്നില്ല ....
വീണ്ടും ട്രൈ ചെയ്തു ..
ഇല്ല എടുക്കുന്നില്ല ....


ശുഭം.

ലാലു രാധാലയം.
::::::::::::::::::::::::::::::::
lalunmc@gmail.com.

എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

ജൂൺ 11, 2017

ഭ്രാന്തനും ഓര്‍മ്മകളുണ്ട്ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.

അകലെയാ കാട്ടരുവി ഇപ്പോഴുമൊഴുകാറുണ്ടോ 
കുന്നിൽ മുകളിൽ സൂര്യൻ ഉദിക്കാറുണ്ടോ 
വയലേലകളിൽ പച്ചക്കിളിക്കൂട്ടം വരാറുണ്ടോ 
നെൽക്കതിരുകൾ കൊത്തിപ്പറക്കാറുണ്ടോ

തൊടിയിലെ ചാമ്പ കായ്ക്കാറുണ്ടോ
കുരുവികൾ കൂട്ടമായ് കൊത്തിപ്പറിക്കാറുണ്ടോ.
താറാവുകള്‍ പാടത്ത് ദേശാടനത്ത് എത്താറുണ്ടോ.
കുട്ടികള്‍ മുട്ടകള്‍ തേടി വയലില്‍ അലയാറുണ്ടോ.
കാവിലെ നാഗങ്ങൾക്ക് പൂജകൾ മുടങ്ങാതെയുണ്ടോ 
ആൽമരമുകളിൽ വവ്വാലുകൾ കൂട്ടമായിപ്പോഴുമുണ്ടോ
മുറ്റത്തെ വാഴയിൽ തേൻനുകരുവാനവര്‍ എത്താറുമുണ്ടോ 
മുള്ളുകൾ വെച്ചവയെ കുഞ്ഞുങ്ങൾ പിടിക്കാറുമുണ്ടോ.

ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.

കാലമെത്ര കഴിഞ്ഞുപോയ് 
ഇരുട്ടിൻ്റെ അഗാധഗർത്തത്തിൽ ഏകനായ് 
ഇടയിലെപ്പോഴെ തുറക്കുന്ന 
കിളിവാതലിൽ നറുവെട്ടത്തിൽ 
ഒട്ടുപാത്രത്തിൽ പതിഞ്ഞ വളകിലുക്കത്തിൽ 
അകംപുറം അറിയാത്ത ബന്ധനത്തിൽ 
അകം പൊരുൾ അറിയാത്ത ജീവിതത്തെ 
ഇടം കാലിൽ കുരുക്കിട്ട നിത്യസത്യമേ നിന്നെ 
സ്നേഹമെന്ന് ഞാനെങ്ങനെ വിളിക്കും.

ചിത്തഭ്രമത്തിൽ ഞാനാലറിവിളിച്ചപ്പോൾ
ഇടം ചങ്ങലയിൽ തറച്ചു കൂരുരിട്ടിൻ്റെ 
കൊക്കയിൽ തള്ളി സ്വയം ആഢ്യരായവരെ 
സത്യത്തിൽ ഭ്രാന്ത് എനിക്കോ നിങ്ങൾക്കോ

ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.

ലാലു.രാധാലയം.✍️
lalunmc@gmail.com

ജൂൺ 08, 2017

പുതിയ മദ്യനയം വരുമ്പോൾ

എല്ലാ വ്യാപാരത്തിലും ഉപഭോക്താവിന് മാന്യത കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. എട്ടോ - പത്തോ രൂപയ്ക്ക് കുടിക്കുന്ന ചായയ്ക്ക് പോലും മര്യാദയ്ക്ക് വന്നിരിന്ന് രണ്ട് വെടിയും പറഞ്ഞു കുടിച്ചുപോകാനുള്ള സൗകര്യം ഉള്ളപ്പോൾ ഇരുനൂറോ അഞ്ഞൂറോ മുടക്കുന്ന മദ്യപാനികളെ തെരുവോരത്ത് നിരത്തി നിർത്തുന്നത് എന്തിന്റെ പേരിലായാലും പരമബോറാ. അവർക്കും അന്തസായി ഇരുന്നു കുടിക്കാനുള്ള സൗകര്യം ചെയ്ത്കൊടുക്കണം. ഇക്കണ്ട ബിവറേജുകൾ മുഴുവൻ ലക്ഷങ്ങൾ വാടകയ്ക്കുള്ളതാണ് അവിടെ മദ്യം വാങ്ങാൻ വരുന്നവർക്ക് മഴനനയാതെ നിൽക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. അപ്പോൾ തെരുവോരങ്ങളിൽ ഓടകളിൽ കിടക്കേണ്ട അവസരം ഉണ്ടാകില്ല. സാമൂഹ്യബാധ്യതയും ആകില്ല.

ബാറുകൾ അടച്ചപ്പോൾ മദ്യ ഉഭയോഗം കുറഞ്ഞതൊന്നും ഇല്ല. മറ്റ് ലഹരികളിലേക്കും അവർ തിരിഞ്ഞു. മദ്യപാനികൾ ഒരു സാമൂഹിക ബാധ്യത തന്നെയാണ്. അത് അറിയുന്ന സർക്കാർ അവരുടെ നല്ലകാലത്ത് കുടിച്ചു തീർക്കുന്ന മദ്യത്തിൻറെ വരുമാനത്തിൻറെ ഒരു ശതമാനം അവരുടെ അന്ത്യകർമ്മങ്ങൾക്ക് കൂടി മാറ്റിവെക്കണം. അതായത് അതിലൊരു വിഹിതം അവരുടെ ചികിത്സാസൗകര്യത്തിന് മാറ്റിവെക്കാൻ കനിവുണ്ടാകണം.

അതുപോലെ ഇനിമുതൽ സാമൂഹിക സംവരണങ്ങൾ ഉണ്ടാക്കുമ്പോൾ മദ്യപാനിയായവരുടെ മക്കൾക്ക് പ്രത്യക പരിഗണനകൾ നൽകാനുള്ള ബാധ്യതയും ഉണ്ട്. അവരുടെ വീടുകളിൽ പഠിക്കുന്ന കുട്ടികൾ എത്രമാത്രം മാനസിക സമ്മർദ്ദങ്ങളിൽ കൂടിയാകും കടന്നുവരുന്നത് അതിനാൽ അവർക്കു പരീക്ഷകളിൽ പ്രത്യേക മോഡറേഷനുകൾ നൽകാനുള്ള കരുണയും കാണിക്കണം.

അരമനകളിൽ തിരുമേനിമാർ കുടിക്കുമ്പോൾ വീഞ്ഞാക്കുന്ന സാധനം കുറച്ചു മാറ്റങ്ങളോടെ ആണ് കുഞ്ഞാടുകളും അടിക്കുന്നത് . ആത്യന്തികമായ്‌ എല്ലാം മദ്യം തന്നെയാണ്. വലിയവൻ ഇടുമ്പോൾ ബർമുഡയും പാവങ്ങൾ ഇടുമ്പോൾ കാളസവും ആകുന്നപോലയെ ഇതുള്ളൂ . അതിനാൽ ഇതൊക്കെ വെറും ഗിമ്മിക്കുകൾ മാത്രമാണ് . മദ്യമുതലാളിമാരുടെ മിക്ക കൺസോർഷ്യവും അച്ചായന്മാരുടെ തന്നെയാകും.

എന്തായാലും മദ്യവിൽപ്പന വീണ്ടും തുടങ്ങിയ സ്ഥിതിക്ക് ഇനിയെങ്കിലും ഗ്രാമങ്ങളിൽ ബിവറേജുകൾ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കും എന്ന് പ്രത്യാശിക്കാം. ഒരുപാട് സമരങ്ങൾ നടന്നതാണ്. ആയിരം രൂപ പോലും വാടക കിട്ടാത്ത വീടുകൾ ലക്ഷങ്ങൾക്ക് ഉഡായിപ്പിൽ ബിവറേജിന്‌ മറിച്ചുകൊടുത്തു കാശുണ്ടാക്കാം എന്ന് സ്വപ്നം കണ്ട ആളുകളും അവരെ തങ്ങുന്ന പലനിറ കൊടികളും കണ്ടതാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നാശിക്കാം.

ലഹരി മുക്തമായ ഒരു തലമുറ വളർന്നു വരേണ്ടത് അത്യാവശ്യമാണ്. പക്ഷേ  ഇന്നത്തെ കേരള സാഹചര്യം അതിന് സാധ്യമുള്ളതല്ല എന്നതാണ് പരമമായ സത്യം. മദ്യം ഉപയോഗിക്കാത്തവർ വിരളമാണ് അങ്ങനെ ഉള്ളവരെ മാനസിക രോഗികൾ ആയാണ് മറ്റുള്ളവർ കാണുന്നത് . അതിനാൽ ആവിശ്യത്തിന് ഉപയോഗിക്കുന്നവർ എന്ന് പറഞ്ഞു ഒരുകൂട്ടം മാന്യന്മാരായ മദ്യപാനികളെ മുന്നിൽ നിർത്താം അവരിലൂടെ മദ്യ മുക്തിക്കായ് സൂത്രവാക്യങ്ങൾ ഉണ്ടാക്കാം .

എന്തുതന്നെ ആയാലും മദ്യമില്ലാത്ത ഒരു കേരളം സാധ്യമല്ല എന്ന് സുധീരനും അറിയാം. കുറച്ചുകൊണ്ട് വരണം അതാണ് ഈ സർക്കാരിൻറെ ഉദ്യേശം മദ്യാസക്തി കുറയ്ക്കുക. അത് മാത്രമാണ് പ്രായോഗികം. അതിനായ് പരിശ്രമിക്കാം.

"മദ്യം എന്ന വിപത്തിനെ അറിയണമെങ്കിൽ നിങ്ങൾ ഒരു മദ്യപാനിയുടെ വീട്ടിൽ വൈകുന്നേരം ചെല്ലണം അവരുടെ മക്കളുടെ കണ്ണികളിലേക്ക് നോക്കണം ദൂരെ ഒരു വലിയ ഒച്ച കേട്ടാൽ ആ മക്കളുടെ മുഖത്തെ ഭയം കാണണം  ആ നെഞ്ചിൻറെ വേഗത അറിയണം അടുക്കളയിൽ ഓടിവരുന്ന അമ്മയുടെ ആകുലത അറിയണം അതിനൊക്കെ നിങ്ങൾക്ക് ഒരു ഹൃദയം ഉണ്ടാകണം. ആ ഹൃദയം ആ മദ്യപാനിക്കും ഉണ്ടാകണം സ്വബോധം ഇല്ലാത്തപ്പോൾ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ ഉറ്റവരെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ "

ഭയവിഹ്വലരായ ഒരു തലമുറ ഒന്നുമാകാതെ ജനിച്ചു മരിച്ചു പോകുന്നുണ്ട് ഇവിടെ ആരുമറിയാതെ സർക്കാരുകൾ ഉളപ്പടെയുള്ള മദ്യ രാജാക്കന്മാരുടെ കീശകൾ നിറച്ചും.

അടിച്ചുവീലായ് പോകുന്ന ദിവസങ്ങളിൽ രാവിലെ മക്കളെ അടുത്തുവിളിച്ചു അൽപ്പനേരം സംസാരിക്കണം അവരുടെ നെഞ്ചിൽ ചെവിചേർത്ത് ആ നെഞ്ചിടിപ്പ് കേൾക്കാൻ ശ്രമിക്കണം ഭയവിഹ്വലമായ ആ താളബോധം ഉയർന്നു കേൾക്കാം അത് ചിലപ്പോൾ തൻറെ ബാല്യത്തിലും കേട്ട തൻ്റെ താളവുമായും ചേർന്നു നിൽക്കുന്നുണ്ടാകും. മദ്യം സ്വയം കൊല്ലുകയാണ് ആദ്യം സ്വന്തം കുടുംബത്തെയും പിന്നെ സമൂഹത്തെയും അവസാനം സ്വയം തീരും വരെയും.

വെറുതെ എങ്കിലും എഴുതാതിരിക്കുക തരമില്ല സുഹൃത്തേ അതിനാൽ എഴുതിയതാണ്.

ലാലു. രാധാലയം.


മേയ് 23, 2017

ഇന്നുനാമെവിടെ

വായിക്കും മുമ്പേ ഇത്രകൂടി.

ഇതൊരു ചക്രക്രമത്തിൽ എഴുതിയ കവിതയാണ്. തീരുന്നിടത്ത് നിന്ന് തുടങ്ങുന്ന പോലെ.

സമകാലിക വാക്താരികൾ വിഷയമായിട്ടുണ്ട് എങ്കിലും ഇന്ന് നമ്മൾ എവിടെ നിൽക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ ആണ്.

ഇതിൽ നിന്ന് മാറി നമ്മുക്ക് എത്രകാലം ഓടിയൊളിക്കാൻ സാധ്യമാണ്. ഓടിയൊളിച്ചാലും നമ്മെത്തേടി അവരെത്തും.

അക്ഷരങ്ങളിൽ നിന്ന് വാക്കുകളുടെ ആത്മാവിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ

കവിത. 

ഇന്നുനാമെവിടെ.

മേയ് 15, 2017

നമ്മുടെ നാട്

നമ്മുടെ നാട്

പ്രിയ സുഹൃത്തുക്കളെ,
രചനാവഴികളില്‍ കൂടിയുള്ള സഞ്ചാരത്തില്‍ സുഹൃത്ത്‌ബന്ധങ്ങളേയും ചേര്‍ത്ത് ഞാന്‍ എഴുതിയ ഒരു കവിത സ്വരലയതാളത്തില്‍ നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളെ പ്രോത്സാഹിപ്പിക്കുക.
ആമുഖം.
നമ്മുടെ നാട്.

വാക്കുകൾക്ക് അപ്പുറം നാടിന്‍റെ ആത്മാവിലേക്കുള്ള സഞ്ചാരമാണ് ഈ വരികള്‍. നമ്മുടെ നാടിന്‍റെ സാംസ്കാരിക പൈതൃകവും നന്മയും തൊട്ടുണര്‍ത്തുന്ന ഉണര്‍ത്തുപാട്ടുമാണിത്. ഇതു മാത്രമല്ല നമ്മുടെ നാട് പക്ഷേ ഇതുകൂടിയാണ് നമ്മുടെ നാടെന്ന ഓര്‍മ്മപ്പെടുത്തൽ.
ഹരിതവര്‍ണ്ണ സുരഭിലമായ നമ്മുടെ നാടിന്‍റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്നുറങ്ങാന്‍
ഈ നാട് ഇങ്ങനെ വേണം.
_________________________
കവിത രചന. ലാലു. രാധാലയം.
mailto:lalunmc@gmail.com
സംഗീതം: ശശീന്ദ്രന്‍ വയലിന്‍.
mailto: saseeviolin@gmail.com
ആലാപനം : ശ്രീരെഞ്ച്.കെ എസ്.
mailto: koorkencherysreerenj@gmail.com
____________________________
നമ്മുടെ നാട്.
മലമുകളില്‍ പാറക്കൂട്ടം
കാട്ടരുവി ചെറുതോടുകളും
അതിനിടയില്‍ വയലേലകളും
ഇടതൂര്‍ന്ന റബ്ബര്‍ കാടും,
കൊടുമുടികള്‍ പലതുണ്ടിവിടെ
പലപേരില്‍ പലനാടായ്
പലകൂട്ടം ജനങ്ങളുമിവിടെ
ഒരുപോലെ ജീവിക്കുന്നു.
കാവുണ്ട് അമ്പലമുണ്ട്
ഗുരുപീഠവും പള്ളിക്കുടവും
നിസ്കാര പള്ളിയുമുണ്ട്
തലമുറകള്‍ വഴിതെറ്റാതെ
വരിവരിയായ് പോകാറുണ്ട്.
വഴികാട്ടാന്‍ തെളിദീപവുമായ്
ചെങ്കൊടിയും മുന്നേയുണ്ട്
ഒരു നോക്കില്‍ പുഞ്ചിരിതൂകി
ഈനാട് കൂടെയുണ്ട്
പലവഴികളില്‍ പലനാട്ടില്‍
പലപേരില്‍ പലരായുണ്ട്
ഈ നാടിന്‍ കണ്ണുനിറഞ്ഞാല്‍,
ഓടിയെത്തും മക്കളുമുണ്ട്.
ഈ നാടിന്‍ മര്‍മ്മരമറിയാന്‍
ഈ നാടിന്‍ നൊമ്പരമറിയാന്‍
ഈ നാടിന്‍ ഗന്ധവുമറിയാന്‍
ഈ മണ്ണില്‍ അമര്‍ന്നുറങ്ങാന്‍
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
ലാലു. രാധാലയം.
lalunmc@gmail.com.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

മേയ് 12, 2017

വികടചിന്തകള്‍ആദ്യവായനയില്‍ അക്ഷരങ്ങള്‍ മാത്രമാകും,
പുനര്‍വായനയില്‍ ആത്മാവിലേയ്ക്ക് ചെല്ലാം.
ജീവിതാനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അര്‍ത്ഥവും ആഴവുമറിയാം. അതിനിടയില്‍ എവിടെയോ നമ്മളെ തിരിച്ചരിയുകയുമാകാം.

ഏപ്രിൽ 26, 2017

നീ വരുവോളം


വരുമെന്ന് ചൊല്ലി -
പിരഞ്ഞയെന്‍ മാനസം ,
വഴിമറന്നെന്‍ങ്ങോ -
അലഞ്ഞിടുന്നു ...

മാനസ്സവ്യഥകളെ -
മാറോടുചേര്‍ത്തവള്‍ ,
മനസ്സറിയാതെ നടന്നകന്നു.

മധുമൊഴി കേള്‍ക്കുവാന്‍ ,
ഇടനെഞ്ച് പിടയുന്നു .
മാനസപുഷ്പമേ മടങ്ങിവരു ..

ജീവനായ് മുളച്ചതും ,
വര്‍ണ്ണങ്ങള്‍ വന്നതും ,
വാനോളം വളര്‍ന്നതും ,
മോഹിനിയായതും.

ഇതളുകള്‍ കൊഴിയുമ്പോള്‍ ,
ജീര്‍ണ്ണത പടരുമ്പോള്‍ ,
പൂമ്പാറ്റകള്‍ പോലും-
മറന്നുപോകും ...
നിന്നെ  പൂമ്പാറ്റകള്‍ പോലും
മറന്നുപോകും.

ഞാനൊരു ധരണിയായ്
ജീവാശം നല്‍കിയ ..
സ്നേഹപ്രതീക്ഷയായ്
കാത്തിരിക്കുന്നു ......
നീ വരുവോളം.
കാത്തിരിക്കുന്നു.


ലാലു കടയ്ക്കല്‍ .
lalunmc@gmail.com.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

കവിത കേള്‍ക്കാം.
www.soundcloud.com/laluradhalayam/nee-varuvolam-kavitha