ഏപ്രിൽ 02, 2012

വ്യത്യസ്തനാണ് ഞാന്‍



ചിലപ്പോള്‍ ഇങ്ങനെയാണ് അഗ്നിയെ തണുപ്പിക്കാന്‍ മനസ്സിനാകും , മഞ്ഞിനെ ഉരുക്കുവാന്‍ മനസ്സിനാകും , പക്ഷെ പ്രണയത്തെ ഓര്‍ക്കുമ്പോള്‍ മനസിടറും , അഗ്നിയില്‍ സ്പുടം ചെയ്ത് ആത്മാവ് ചാമ്പലാക്കാന്‍ ആറടി ശരീരം വിറകൊണ്ടു ഉണരും. അവിടെ പുതിയ വഴികള്‍ നിറചാര്‍ത്തുമായ് കാത്ത് നില്‍ക്കും . പുതിയൊരു ആത്മാവ് ഉദിച്ചുയരും . പുതിയ ചിന്ത വെളിച്ചമാകും . ഇനി നടക്കാം . പുതിയ വഴികളില്‍ കൂടി ..

ഒരു സ്വപ്നം ചിരിക്കുന്നു . ചിന്തിക്കുന്ന എന്നെ നോക്കി ചിരിക്കുന്നു. വാക്കുകള്‍ വിഴുങ്ങുന്ന കര്‍ത്തവ്യബോധം മനസ്സിനെ കാര്‍ന്ന് തിന്നുമ്പോള്‍ പുഞ്ചിരിക്കും മുഖവുമായ് അഭിനയിക്കുന്ന എന്നെ നോക്കി ചിരിക്കുന്നു . ചിന്തകള്‍ അനന്തമായ് ദുര്‍ഘടവഴിലൂടെ അലഞ്ഞു നടക്കുമ്പോള്‍ പാപഭാരം മുഴുവന്‍ സ്വന്തം തോളത്ത് അമര്‍ത്തി നടന്നുനീങ്ങുന്ന നിസ്സഹായ അവസ്ഥ അറിഞ്ഞെന്ന ഭാവേന ചിരിക്കുന്നു . ഇനിവരും നാളുകള്‍ക്ക് സ്വര്‍ഗ്ഗം വിരിയിക്കാന്‍ നഷ്ടകാലം മുഴുവനായ് സ്വന്തമാക്കാന്‍ അനന്തമാം ജീവിത മൂഹുര്‍ത്തങ്ങള്‍ തേടിയലയുന്ന പധികനാണ് ഇന്ന് " ഞാന്‍" .

ആശ്രിത ജീവിത മുഹൂര്‍ത്തങ്ങള്‍ ധന്യമാക്കാന്‍ പേമാരി ചോരിയും സന്ധ്യയില്‍ സ്നേഹിതകൂട്ടങ്ങളെ പിന്നിട്ട് ഏകനായ് പടിയിറങ്ങുമ്പോള്‍ പിന്നില്‍ നഷ്ടങ്ങളില്‍ സ്വയം തീര്‍ത്ത മതിലുകള്‍ , കോട്ടകള്‍ , അഴികൂടുകള്‍ . അസഹ്യമായ ജീവിത യാഥാര്‍ത്യങ്ങളെ പിന്നിലാക്കാന്‍ ആത്മവിശ്വാസം മാത്രമാണ് ആയുധമായി കൂട്ടിനുള്ളത് . ലക്ഷ്യമില്ലാത്ത യാത്രയില്‍ പച്ഛതാപം തീരെയില്ലാതെ ഞാന്‍ നടന്നു . "മോഹങ്ങള്‍ ഇല്ലാത്തവന് നഷ്ടങ്ങള്‍ ഇല്ലല്ലോ "എന്നാ യാഥാര്‍ത്ഥ്യം സത്യമായി തോന്നിയ നിമിഷം .

പുഞ്ചിരിക്കും മുഖങ്ങള്‍ ഒന്നുമില്ലാത്ത നാട്ടില്‍ . സ്വസ്ഥമായ് പുതിയ ജീവിതഗാഥ രചിക്കുവാന്‍ തുടങ്ങി . ഇന്നലെകളുടെ വേവലാതികള്‍ ഇല്ലാതെ ഇന്നിനെ നേരിട്ടപ്പോള്‍ നാളെയെകുറിച്ച്
ദീപ്തമായ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നു . ഇനി തുടങ്ങാം പുതിയൊരു യുഗപ്പിറവിക്ക് സാക്ഷിയാകാം . ഇവിടെ ഞാന്‍ സാക്ഷിയാണ് " യുഗങ്ങള്‍ പിന്നിട്ട അനുഭവ യാഥാര്‍ത്യങ്ങളുടെ മൂകസാക്ഷി . കാലം രചിക്കും കര്‍ത്തവ്യബോധം അഭിനയിച്ചു തീര്‍ത്ത മാംസപിണ്ഡം .

എനിക്ക് ഹൃദയമില്ല . മനസ്സുമില്ല . ഋതുക്കള്‍ അറിയുവാന്‍ ആശയുമില്ല . കര്‍മ്മനിരതനായ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ ഉദിക്കുന്നു . പ്രതീക്ഷയും , പ്രേയസ്സിയും , പ്രമാണങ്ങളും പിന്നിട്ട വഴികളില്‍ കാത്തുനിന്നില്ല . ഇനിവരും ദിനങ്ങളില്‍ ഇവരില്‍ ഒരാള്‍ എനിക്കായ് കാത്തിരിക്കുമോ ...?

മനസ്സ് കലുഷിതമാകുമ്പോള്‍ പാട്ടുകള്‍ കേള്‍ക്കും . അവയില്‍ ഇപ്പോള്‍ വികാരങ്ങള്‍ ഇല്ലാത്ത വിചാരങ്ങള്‍ മാത്രമായി കാതില്‍ പതിക്കുന്നു . മനസ്സ് എന്തിനെന്ന് അറിയാതെ വിലപിക്കുന്നു . കാമക്രോധബന്ധനങ്ങളില്‍ ബന്ധനസ്തനാകാത്ത " ഞാന്‍ " ഭാവപകര്‍ച്ച ആടുന്നത് എങ്ങനെ . അലക്ഷ്യമായ ചിന്തകളെ മാറ്റിനിര്‍ത്തി അവസാന നിമിഷം വരെ ഉണര്‍ന്നിരിക്കാം ...

ലാലു .കടയ്ക്കല്‍ .

Related Posts

വ്യത്യസ്തനാണ് ഞാന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.