ഫെബ്രുവരി 29, 2012

സ്വയംഭുവിലേക്കൊരു മടക്കയാത്ര



ആരുമില്ലാത്ത ഒരു രാത്രിയില്‍ പെട്ടിയുമായ് ഇറങ്ങി നടന്നു . നാടും നാട്ടുകാരും , വീടും വീട്ടുകാരും സുഖമായ് ഉറങ്ങുകയാകും . അവര്‍ ഉറങ്ങട്ടെ ഉറക്കമില്ലാത്ത രാത്രികള്‍ എനിക്കുമാത്രം ഉള്ളതായിരുന്നു . ആകാശ നക്ഷത്രങ്ങള്‍ക്ക് പോലും പരിചിതനായ ഞാന്‍ എന്തെ അവര്‍ക്ക് അപരിചിതമായ് . ചിന്തകള്‍ എപ്പോഴും കൂട്ടിന് വിളിക്കുമ്പോള്‍ ഞാന്‍ മാത്രമാകും കൂടെയുണ്ടാകാന്‍ . കൂടണയും കിളികള്‍ എപ്പോഴും എന്നെ നോക്കി കരഞ്ഞുകൊണ്ട്‌ പറന്നകലുന്നു . അതിലൊരു കിളിയായ് പറന്നുയരുക എപ്പോഴും മനസ്സിന്‍റെ സ്വപ്നമായിരുന്നു . എത്ര സുഖമുള്ള ജീവിതമാകും അവയുടെത് . നാടും നഗരവും കണ്ടു കണ്ട് . ഗ്രാമവും സംസ്കാരവും കണ്ടു കണ്ട് , അന്നം തേടി ഒരു കരയില്‍ നിന്നും മറുകരയിലേക്ക് പറന്നു പോകുന്ന പക്ഷികള്‍ . വൈകുന്നേരം സൂര്യാസ്തമയം ആകുമ്പോള്‍ ദിശമാറാതെ , ദിക്ക് മാറാതെ , കൂടണയുന്ന പക്ഷികള്‍ . അവര്‍ എത്ര കഴിവുള്ളവരാണ് . ഒരുവിധ ശാസ്ത്രസാങ്കേതികവിദ്യകളും ഇല്ലാതെ വഴിതെറ്റാതെ എത്ര കൃത്യമായി കൂടണയുന്നു എന്താകും അവരുടെ ഭാഷ .

നല്ല നിലാവ് . നിലാവിന്‍റെ നീലവെളിച്ചം മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം ഉണ്ടാക്കുന്നു . പാടവരമ്പിലൂടെ നീളത്തില്‍ കാണുന്ന നടപാദ . കാലങ്ങളായ് നടന്നു പരിചയമുള്ള വഴികളെ പാദങ്ങള്‍ മന:പാഠമാക്കിയിരിക്കുന്നു . ബാല്യവും , കൌമാരവും കണ്ട ഈ വഴിയിലെ ഓരോ മണ്‍തരിയും എന്‍റെ ഗന്ധം ഓര്‍ക്കുന്നുവോ ? . ഇല്ല അവയെല്ലാം കാലങ്ങളായ് പെയ്ത മഴയില്‍ ഒലിച്ചുപോയികാണും . അതെ വാനില്‍ നിന്നും പെയ്ത മഴയെക്കാളും നമ്മുടെ പൈതൃകവും , സംസ്കാരും കുത്തി ഒഴുക്കി കൊണ്ട് പോയത് പരദേശസംസ്കാര മഴയാകും . വിദേശങ്ങളില്‍ വസിച്ച് അവരുടെ ഏച്ചില്‍സംസ്കാരം   അമ്രിതാണ് എന്ന് കരുതി സ്വന്തം നാട്ടിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ടമായ സ്വയ ബോധം ഇനിയെത്ര യുഗങ്ങള്‍ കൊണ്ട് തിരിച്ചു കിട്ടും . ഇല്ല ഒരിക്കലും തിരികെ കിട്ടില്ല . അവയെല്ലാം തിമിര്‍ത്ത് പെയ്ത മഴവെള്ളം കുത്തിയോലിപ്പിച്ചുകൊണ്ട് ആഴകടലില്‍ തള്ളിയില്ലേ . ഇനി ഉറക്കെ വിളിച്ചാല്‍ കടല്‍ വരും . അലകള്‍ ഇളക്കി സംഹാരതണ്ടാവും ആടി ആര്‍ത്തിയാല്‍ സ്വരുകൂട്ടിയ എല്ലാം എടുത്തുകൊണ്ട് നമ്മെ ആഴിയില്‍ ലയിപ്പിക്കും .

ട്രെയിന്‍ വരാന്‍ ഇനിയും സമയും ഏറെയുണ്ട് . വിജനമാണ് സ്റേഷന്‍ . അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ എന്നെ നോക്കി മുരളുന്നു . ഒരാള്‍ പരിചിത ഏമാനേ കണ്ടപോലെ വാലാട്ടി നില്‍ക്കുന്നു . ചവറുകള്‍ക്ക് ഇടയിലാതാ മറ്റൊരു തള്ളനായ സുഖമായി ഉറങ്ങുന്നു . കുറെ കുഞ്ഞുങ്ങള്‍ പാലുകുടിച്ചുകൊണ്ട് ഉറങ്ങുന്നു . മാതൃസ്നേഹം , യജമാന സ്നേഹം നായ്ക്കളും എന്തെല്ലാം പഠിപ്പിക്കുന്നു . അതാ അവിടെ മുഷിഞ്ഞ വസ്ത്രധാരിയായ് കൈയില്‍ കീറിയ തുണികളില്‍ പൊതിഞ്ഞ പാണ്ടാവുമായ മാറോട് അടക്കി ചേര്‍ത്ത എല്ലിന്‍ കഷ്ണം പോലെ ചെറുതായി തുടിക്കുന്ന ഒരു ജീവനെയും അടക്കി ഭാരത സ്ത്രീത്വം ഭാവഭേദം അറിയാതെ , വികാര വിചാരങ്ങള്‍ ഇല്ലാതെ ചവറുകൂനകളെ പരവതാനിയാക്കി സുഭക്ഷമായി ഉറങ്ങുന്നു .
ഒരുകണക്കിന് ഇവള്‍ എത്ര ഭാഗ്യവതിയാണ്  സുഖമായി ഉറങ്ങുവാന്‍ കഴിയുന്ന മനുഷ്യര്‍ എത്ര പുണ്യം ചെയ്തവര്‍ ആകും . അവളുടെ മാറോട് ചേര്‍ന്ന് ഉറങ്ങുന്ന ആ കുഞ്ഞ് നമ്മോട് അതെ ഓരോ ഭാരതിയനോടും ചോദിക്കുന്ന ചോദ്യം എന്താകും . ആരുടെ സുഖഭോഗമനസ്സിന്‍റെ കൈപിഴയാകും ആ ചവറുകൂനയ്ക്ക് അരികില്‍ തുടിക്കുന്നത്. ഒരു നരത്തേ അന്നത്തിനായ് നീട്ടിയ കൈകളില്‍ ആര്‍ത്തിയോടെ പിടിച്ച് സ്വര്‍ഗ്ഗലോകം നുകര്‍ന്ന ആ വിശുദ്ധന്‍ ആരാകും ? .

ട്രെയിന്‍ വരുന്ന ശബ്ദം അറിയാതെ പടര്‍ന്ന ഉറക്കത്തെ തട്ടിയുണര്‍ത്തി . എന്ത് തിരക്കാണ് എത്ര വേഗമാണ് മാറ്റങ്ങള്‍ എല്ലാവരും തിരക്കില്‍ ആരും പരസ്പരം അറിയുന്നുല്ല . ഞാനും ഓടികയറി എന്‍റെ ഇരിപ്പടം തേടി . അപരിചിതര്‍ എങ്കിലും എന്‍റെ സീറ്റില്‍ നിന്നുമാറി എന്നെ നോക്കി ചിരിക്കുന്നു . ഇതാണ് അപരിചിതരുടെ സഹയാത്രികരുടെ മേന്മ . നിമഷം കൊണ്ടവര്‍ പുതിയ സൌഹൃദങ്ങള്‍ സൃഷ്ടിക്കും . ലക്ഷ്യമെത്തുമ്പോള്‍ യാത്രപറഞ്ഞ്‌ പിരിയുന്നു. പിന്നെ ഒരിക്കലും കാണാത്ത സ്നേഹം . ഇതാണോ ശരിക്കും സ്നേഹം . യാത്രകള്‍ക്ക് ജനാലയ്ക്ക് അരികിലുള്ള ഇരിപ്പിടമാണ് ഇനിക്ക് എന്നുമിഷ്ടം . മാറുന്ന ഈ ലോകത്തിന്‍റെ വേഗത ആ ജനലില്‍ കൂടി ഞാനെന്നും ആസ്വദിക്കും . മിന്നിമറയുന്ന കെട്ടിടങ്ങള്‍ , നഗരങ്ങള്‍ , നഗര ജീവികള്‍ ... അതെ അവയെല്ലാം എനിക്ക് ഒരു നിമിഷത്തെ ദ്രിശ്യ സുഖമാണ് നല്‍കുന്നത് .

ഞാന്‍ പിന്നിലേക്ക്‌ നടക്കുന്നവനാണ് . ഭാവി എനികിഷ്ടമല്ല . വര്‍ത്തമാനം വിരസ്സമാണ് . ഇന്നലെകള്‍ എനിക്ക് വസന്തമാണ് . വരുന്നുവോ നിങ്ങളും ഇന്നലെകളുടെ വസന്തം തേടി ഒരു യാത്രയ്ക്ക് .  കപടസത്യങ്ങള്‍ ഇല്ലാത്ത മാസ്മരിക ലോകത്തിലേക്ക് .. ഇല്ല എന്നാകും ഉത്തരമെങ്കില്‍ ഓര്‍ക്കുകക . നിങ്ങള്‍ ഓരോരുത്തരും വരും ഒരു ദിവസ്സം ആര്‍ത്തിയാല്‍ സ്വരുകൂട്ടിയ ധാര്‍ഷ്ട്യങ്ങള്‍ എല്ലാം നൈമിഷികങ്ങള്‍ ആണെന്ന് തോന്നുന്ന ഒരു ദിവസ്സം . ഇന്നലെകളിലെ വസന്തം തേടി മനസ്സ് സഞ്ചരിക്കും . അപ്പോള്‍ മറക്കരുത് ഞാന്‍ അവിടെയുണ്ടാകും നിങ്ങളെയും കാത്ത് . ഞാനാണ് ആവസ്ഥാന്തരങ്ങള്‍ക്ക് അപ്പുറം മനസ്സിനെ സമചിത്തതയില്‍ സായൂജ്യം അണയുക്കുന്ന "സ്വയം ഞാന്‍ " സ്വയംഭു: ..!!!.

ലാലു . കടയ്ക്കല്‍ .

Related Posts

സ്വയംഭുവിലേക്കൊരു മടക്കയാത്ര
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
2012, ഫെബ്രുവരി 29 10:11 PM

അതെ.. ഇന്നലേകളാണ്‍ എന്നും മധുരിതം, കൈവെള്ളയില്‍നിന്നും പറന്നകന്ന പറവയോടുള്ള വാത്സല്യം പോലെ... മനോഹരമായ എഴുത്ത്..

Reply