ജൂൺ 08, 2017

പുതിയ മദ്യനയം വരുമ്പോൾ

എല്ലാ വ്യാപാരത്തിലും ഉപഭോക്താവിന് മാന്യത കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. എട്ടോ - പത്തോ രൂപയ്ക്ക് കുടിക്കുന്ന ചായയ്ക്ക് പോലും മര്യാദയ്ക്ക് വന്നിരിന്ന് രണ്ട് വെടിയും പറഞ്ഞു കുടിച്ചുപോകാനുള്ള സൗകര്യം ഉള്ളപ്പോൾ ഇരുനൂറോ അഞ്ഞൂറോ മുടക്കുന്ന മദ്യപാനികളെ തെരുവോരത്ത് നിരത്തി നിർത്തുന്നത് എന്തിന്റെ പേരിലായാലും പരമബോറാ. അവർക്കും അന്തസായി ഇരുന്നു കുടിക്കാനുള്ള സൗകര്യം ചെയ്ത്കൊടുക്കണം. ഇക്കണ്ട ബിവറേജുകൾ മുഴുവൻ ലക്ഷങ്ങൾ വാടകയ്ക്കുള്ളതാണ് അവിടെ മദ്യം വാങ്ങാൻ വരുന്നവർക്ക് മഴനനയാതെ നിൽക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. അപ്പോൾ തെരുവോരങ്ങളിൽ ഓടകളിൽ കിടക്കേണ്ട അവസരം ഉണ്ടാകില്ല. സാമൂഹ്യബാധ്യതയും ആകില്ല.

ബാറുകൾ അടച്ചപ്പോൾ മദ്യ ഉഭയോഗം കുറഞ്ഞതൊന്നും ഇല്ല. മറ്റ് ലഹരികളിലേക്കും അവർ തിരിഞ്ഞു. മദ്യപാനികൾ ഒരു സാമൂഹിക ബാധ്യത തന്നെയാണ്. അത് അറിയുന്ന സർക്കാർ അവരുടെ നല്ലകാലത്ത് കുടിച്ചു തീർക്കുന്ന മദ്യത്തിൻറെ വരുമാനത്തിൻറെ ഒരു ശതമാനം അവരുടെ അന്ത്യകർമ്മങ്ങൾക്ക് കൂടി മാറ്റിവെക്കണം. അതായത് അതിലൊരു വിഹിതം അവരുടെ ചികിത്സാസൗകര്യത്തിന് മാറ്റിവെക്കാൻ കനിവുണ്ടാകണം.

അതുപോലെ ഇനിമുതൽ സാമൂഹിക സംവരണങ്ങൾ ഉണ്ടാക്കുമ്പോൾ മദ്യപാനിയായവരുടെ മക്കൾക്ക് പ്രത്യക പരിഗണനകൾ നൽകാനുള്ള ബാധ്യതയും ഉണ്ട്. അവരുടെ വീടുകളിൽ പഠിക്കുന്ന കുട്ടികൾ എത്രമാത്രം മാനസിക സമ്മർദ്ദങ്ങളിൽ കൂടിയാകും കടന്നുവരുന്നത് അതിനാൽ അവർക്കു പരീക്ഷകളിൽ പ്രത്യേക മോഡറേഷനുകൾ നൽകാനുള്ള കരുണയും കാണിക്കണം.

അരമനകളിൽ തിരുമേനിമാർ കുടിക്കുമ്പോൾ വീഞ്ഞാക്കുന്ന സാധനം കുറച്ചു മാറ്റങ്ങളോടെ ആണ് കുഞ്ഞാടുകളും അടിക്കുന്നത് . ആത്യന്തികമായ്‌ എല്ലാം മദ്യം തന്നെയാണ്. വലിയവൻ ഇടുമ്പോൾ ബർമുഡയും പാവങ്ങൾ ഇടുമ്പോൾ കാളസവും ആകുന്നപോലയെ ഇതുള്ളൂ . അതിനാൽ ഇതൊക്കെ വെറും ഗിമ്മിക്കുകൾ മാത്രമാണ് . മദ്യമുതലാളിമാരുടെ മിക്ക കൺസോർഷ്യവും അച്ചായന്മാരുടെ തന്നെയാകും.

എന്തായാലും മദ്യവിൽപ്പന വീണ്ടും തുടങ്ങിയ സ്ഥിതിക്ക് ഇനിയെങ്കിലും ഗ്രാമങ്ങളിൽ ബിവറേജുകൾ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കും എന്ന് പ്രത്യാശിക്കാം. ഒരുപാട് സമരങ്ങൾ നടന്നതാണ്. ആയിരം രൂപ പോലും വാടക കിട്ടാത്ത വീടുകൾ ലക്ഷങ്ങൾക്ക് ഉഡായിപ്പിൽ ബിവറേജിന്‌ മറിച്ചുകൊടുത്തു കാശുണ്ടാക്കാം എന്ന് സ്വപ്നം കണ്ട ആളുകളും അവരെ തങ്ങുന്ന പലനിറ കൊടികളും കണ്ടതാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നാശിക്കാം.

ലഹരി മുക്തമായ ഒരു തലമുറ വളർന്നു വരേണ്ടത് അത്യാവശ്യമാണ്. പക്ഷേ  ഇന്നത്തെ കേരള സാഹചര്യം അതിന് സാധ്യമുള്ളതല്ല എന്നതാണ് പരമമായ സത്യം. മദ്യം ഉപയോഗിക്കാത്തവർ വിരളമാണ് അങ്ങനെ ഉള്ളവരെ മാനസിക രോഗികൾ ആയാണ് മറ്റുള്ളവർ കാണുന്നത് . അതിനാൽ ആവിശ്യത്തിന് ഉപയോഗിക്കുന്നവർ എന്ന് പറഞ്ഞു ഒരുകൂട്ടം മാന്യന്മാരായ മദ്യപാനികളെ മുന്നിൽ നിർത്താം അവരിലൂടെ മദ്യ മുക്തിക്കായ് സൂത്രവാക്യങ്ങൾ ഉണ്ടാക്കാം .

എന്തുതന്നെ ആയാലും മദ്യമില്ലാത്ത ഒരു കേരളം സാധ്യമല്ല എന്ന് സുധീരനും അറിയാം. കുറച്ചുകൊണ്ട് വരണം അതാണ് ഈ സർക്കാരിൻറെ ഉദ്യേശം മദ്യാസക്തി കുറയ്ക്കുക. അത് മാത്രമാണ് പ്രായോഗികം. അതിനായ് പരിശ്രമിക്കാം.

"മദ്യം എന്ന വിപത്തിനെ അറിയണമെങ്കിൽ നിങ്ങൾ ഒരു മദ്യപാനിയുടെ വീട്ടിൽ വൈകുന്നേരം ചെല്ലണം അവരുടെ മക്കളുടെ കണ്ണികളിലേക്ക് നോക്കണം ദൂരെ ഒരു വലിയ ഒച്ച കേട്ടാൽ ആ മക്കളുടെ മുഖത്തെ ഭയം കാണണം  ആ നെഞ്ചിൻറെ വേഗത അറിയണം അടുക്കളയിൽ ഓടിവരുന്ന അമ്മയുടെ ആകുലത അറിയണം അതിനൊക്കെ നിങ്ങൾക്ക് ഒരു ഹൃദയം ഉണ്ടാകണം. ആ ഹൃദയം ആ മദ്യപാനിക്കും ഉണ്ടാകണം സ്വബോധം ഇല്ലാത്തപ്പോൾ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ ഉറ്റവരെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ "

ഭയവിഹ്വലരായ ഒരു തലമുറ ഒന്നുമാകാതെ ജനിച്ചു മരിച്ചു പോകുന്നുണ്ട് ഇവിടെ ആരുമറിയാതെ സർക്കാരുകൾ ഉളപ്പടെയുള്ള മദ്യ രാജാക്കന്മാരുടെ കീശകൾ നിറച്ചും.

അടിച്ചുവീലായ് പോകുന്ന ദിവസങ്ങളിൽ രാവിലെ മക്കളെ അടുത്തുവിളിച്ചു അൽപ്പനേരം സംസാരിക്കണം അവരുടെ നെഞ്ചിൽ ചെവിചേർത്ത് ആ നെഞ്ചിടിപ്പ് കേൾക്കാൻ ശ്രമിക്കണം ഭയവിഹ്വലമായ ആ താളബോധം ഉയർന്നു കേൾക്കാം അത് ചിലപ്പോൾ തൻറെ ബാല്യത്തിലും കേട്ട തൻ്റെ താളവുമായും ചേർന്നു നിൽക്കുന്നുണ്ടാകും. മദ്യം സ്വയം കൊല്ലുകയാണ് ആദ്യം സ്വന്തം കുടുംബത്തെയും പിന്നെ സമൂഹത്തെയും അവസാനം സ്വയം തീരും വരെയും.

വെറുതെ എങ്കിലും എഴുതാതിരിക്കുക തരമില്ല സുഹൃത്തേ അതിനാൽ എഴുതിയതാണ്.

ലാലു. രാധാലയം.


Related Posts

പുതിയ മദ്യനയം വരുമ്പോൾ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.