ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.
അകലെയാ കാട്ടരുവി ഇപ്പോഴുമൊഴുകാറുണ്ടോ
കുന്നിൽ മുകളിൽ സൂര്യൻ ഉദിക്കാറുണ്ടോ
വയലേലകളിൽ പച്ചക്കിളിക്കൂട്ടം വരാറുണ്ടോ
നെൽക്കതിരുകൾ കൊത്തിപ്പറക്കാറുണ്ടോ
തൊടിയിലെ ചാമ്പ കായ്ക്കാറുണ്ടോ
കുരുവികൾ കൂട്ടമായ് കൊത്തിപ്പറിക്കാറുണ്ടോ.
താറാവുകള്‍ പാടത്ത് ദേശാടനത്ത് എത്താറുണ്ടോ.
കുട്ടികള്‍ മുട്ടകള്‍ തേടി വയലില്‍ അലയാറുണ്ടോ.
കാവിലെ നാഗങ്ങൾക്ക് പൂജകൾ മുടങ്ങാതെയുണ്ടോ
ആൽമരമുകളിൽ വവ്വാലുകൾ കൂട്ടമായിപ്പോഴുമുണ്ടോ
മുറ്റത്തെ വാഴയിൽ തേൻനുകരുവാനവര്‍ എത്താറുമുണ്ടോ
മുള്ളുകൾ വെച്ചവയെ കുഞ്ഞുങ്ങൾ പിടിക്കാറുമുണ്ടോ.
ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.
കാലമെത്ര കഴിഞ്ഞുപോയ്
ഇരുട്ടിൻ്റെ അഗാധഗർത്തത്തിൽ ഏകനായ്
ഇടയിലെപ്പോഴെ തുറക്കുന്ന
കിളിവാതലിൽ നറുവെട്ടത്തിൽ
ഒട്ടുപാത്രത്തിൽ പതിഞ്ഞ വളകിലുക്കത്തിൽ
അകംപുറം അറിയാത്ത ബന്ധനത്തിൽ
അകം പൊരുൾ അറിയാത്ത ജീവിതത്തെ
ഇടം കാലിൽ കുരുക്കിട്ട നിത്യസത്യമേ നിന്നെ
സ്നേഹമെന്ന് ഞാനെങ്ങനെ വിളിക്കും.
ചിത്തഭ്രമത്തിൽ ഞാനാലറിവിളിച്ചപ്പോൾ
ഇടം ചങ്ങലയിൽ തറച്ചു കൂരുരിട്ടിൻ്റെ
കൊക്കയിൽ തള്ളി സ്വയം ആഢ്യരായവരെ
സത്യത്തിൽ ഭ്രാന്ത് എനിക്കോ നിങ്ങൾക്കോ
ഹൃദയമങ്ങനെ ഓർമ്മകളോടൊപ്പം ഒഴുകിനടക്കുമ്പോൾ,
ഋതു ഭേദങ്ങൾ മറന്നൊരു കാറ്റ് എന്നെത്തഴുകി കടന്നുപോകുന്നു.
ഇന്നലകളുടെ നറുമണം ഹൃദയതന്ത്രികളെയും പുളകിതമാക്കുന്നു.
ഓർമ്മകളുടെ പാഥേയം തുറക്കുവാനാകാതെ ഞാനേകനാകുന്നു.
ലാലു.രാധാലയം.✍️
lalunmc@gmail.com
ഭ്രാന്തനും ഓര്‍മ്മകളുണ്ട്
4/
5
Oleh
lalunmc