മഴയൊഴിഞ്ഞു,
മരം പെയ്യുന്നപോലെൻ,
മനസ്സിൽ ഓർമ്മതൻ
പെരുമഴ പെയ്യുന്നുണ്ടിപ്പോഴും.
വർഷമേഘങ്ങൾ
അട്ടഹസിക്കുന്ന തുലാമഴയിൽ,
ഒറ്റമുറിക്കൂരയിൽ
ഓട്ടുപാത്രങ്ങളുമായ്
ഓടിനടന്നിട്ടുണ്ട് എന്റെ ബാല്യം.
അമ്മതൻ ചേലക്കീഴിൽ
ചൂടേറ്റപൈതലിന്‍ സുഖം,
ഒരുവട്ടം കൂടിത്തിരികെത്തരുമോ കാലമേ.
കപ്പലണ്ടി വറവുമണവും,
കൂട്ടായ് കട്ടന്‍ ചായയും,
അച്ഛനുണ്ടാക്കിയ കുഞ്ഞുതോണിയും.
ഇടിമുഴക്കവും, മിന്നലാട്ടവും,
ഒച്ചവെയ്ക്കുന്ന കുഞ്ഞനുജത്തിയും.
ഓടിയെത്തുന്ന കുഞ്ഞന്‍ പൂച്ചയും,
ക്രോം ക്രോം പാടുന്ന ചൊറിയന്‍തവളയും.
അന്ധകാരത്തിലും മിന്നും പ്രതീക്ഷയായ്,
അങ്ങിങ്ങ് പറക്കുന്നു മിന്നാമിന്നുകളും.
എത്തിനോക്കി കണ്ണീര്‍ മഴചൊരിഞ്ഞ്
മഴയോർമ്മകൾക്ക് കൂട്ടായ്,
എങ്ങോ മറഞ്ഞുപോകുന്നുണ്ടിന്നും.
മഴപെയ്ത് കുളിരേകും
ഇളം കാറ്റുപോലെ,
ഓര്‍മ്മകള്‍ക്കിന്നെന്ത് കുളിരാണ്.
മഴയോര്‍മ്മകള്‍ക്കെന്തു കുളിര്‍മ്മയാണിന്നും.
ലാലു.രധാലയം
മഴയോര്‍മ്മകള്‍
4/
5
Oleh
lalunmc