ഓലപ്പുരയില്‍ മണിയോഡറിനായ് പോസ്റ്റ്‌മാനെ കാത്തിരിന്ന കാലത്തെ ഓണം. ഓണമായിരിന്നു മക്കളേ ... ഓണം ..
മൂഡ് കീറിയ കാക്കി വള്ളി നിക്കര്‍ മാറ്റി ബട്ടന്‍സുള്ള പുത്തന്‍ നിക്കര്‍ കിട്ടിയ ഓണക്കോടി ഓണക്കൊടിയായിരിന്നു മക്കളേ .. ഓണക്കോടി.
കാക്കയുടെ കടയില്‍ നിന്ന് കാല്‍ തുണ്ട് ലൈബോയ് സോപ്പിനുപകരം ഒരു കുളിക്കുന്ന മണമുള്ള രാധാസ് സോപ്പ് മുഴുവനും കിട്ടുന്ന സന്തോഷം ഓണമായിരിന്നു... ആ സോപ്പിന്‍റെ സുഗന്ധം ഇത്രകാലത്തിന് ശേഷവും നാസികയില്‍ പതിഞ്ഞുനില്‍ക്കുന്നു. അതിലും വലിയൊരു സന്തോഷകരമായ ഷോപ്പിംഗ് ഇന്നുവരെ ഉണ്ടായിട്ടില്ല ...
മുത്തശ്ശിമാരെയും,മുത്തച്ഛന്മാരെയും പോയ്‌ലയും വെറ്റിലയും പാക്കുമായ് ഓണം കാണാന്‍ പോകുന്ന പൈതൃകം എവിടയാണ് നഷ്ടമായത് .
അച്ഛന്‍തരുന്ന ഒരു രൂപ നോട്ടും പൊക്കിപ്പിടിച്ച് കൂട്ടുകാരെ കാണിച്ച് അമ്മയെ ഏല്‍പ്പിക്കുന്ന കൊതി ഇന്ന് ആയിരങ്ങള്‍ ഉള്ള പേര്‍സിലും മധുരമുള്ള സന്തോഷമാണ് ..
കള്ള് കുടിക്കാത്ത അച്ഛനെ കാണാന്‍ കഴിയുന്നതും ഈ തിരുവോണത്തിന് മാത്രം ..
ഉറിയിലെ ഭരണിയില്‍ അവലൂസുപൊടിയും കടുപ്പമേറിയ ആലങ്ങായും തൂങ്ങിയാടുമ്പോള്‍ ആ സുഗന്ധം തന്നെ ഇന്നും ബാല്യത്തിലേയ്ക്ക് നടത്തുന്നു ...
കടമുക്കിലെ ചരല്‍ മണ്ണില്‍ കിളിതട്ടും,കബടിയും കളിക്കുന്ന ആരവും ഇന്നും മനസില്‍ തിരയടിക്കുന്നു ...
ഇല്ലായ്മകളില്‍ വന്നുചേരുന്ന സന്തോഷമാണ് ഓണം ..
സങ്കടമാണ് ഓണം ..
ആ ഇല്ലായ്മകളില്‍ വെച്ചോരുക്കിയെന്നും എന്നെയും ഊട്ടിയ എന്‍റെ അമ്മയില്ലാത്ത ആദ്യയോണം.
എനിക്ക് ഓണമില്ലാത്ത ഓണം ഈ ഓണം ..
ഓണം പിന്‍നടത്തത്തില്‍ ഒരു തുള്ളി കണ്ണുനീരില്‍ അടര്‍ന്നുവീഴുന്ന നൊമ്പരമാണ്.
ഇല്ലായ്മകളുടെ കുടിലില്‍ നിന്ന് വന്ന എനിക്ക് ഇന്ന് കൊട്ടാരത്തില്‍ ഓണമുണ്ണുന്ന മക്കളുടെ കുറവുകള്‍ കേള്‍ക്കുമ്പോള്‍ നാളെയും ഓണം ഉണ്ടാകണേ എന്നാണ് ആശ മാത്രം ബാക്കിയാകുന്നു ...
ഓണം ഒത്തുചേരലാണ് ...
ഓണം ഉണ്ണുകയല്ല , ഊട്ടുകയാണ്...
ഓണം ഓര്‍മ്മയാണ് ...
നഷ്ടബന്ധങ്ങളെ സ്നേഹവാത്സല്യങ്ങളെ വീണ്ടും ഓര്‍ത്തെടുക്കാന്‍ ഒരേടാണ് മഹാബലി തമ്പുരാന്‍ ജാതിഭേദം ഏതുമില്ലാതെ ഉച്ചനീചത്വങ്ങള്‍ ഒന്നുമില്ലാതെ മലയാളികളെ ഒന്നായികണ്ട് ആഘോഷിക്കുന്ന ഈ ഭൂലോകത്തിലെ ഏക മഹോത്സവവും ഓണമാണ് ...
സാഹോദര്യത്തോടെ ഓണം ആഘോഷിക്കൂ ,
ഓണാശംസകളോടെ ...
ലാലു. രധാലയം
www.facebook.com/loveapril15
ഓര്‍മ്മയിലെ ഓണം
4/
5
Oleh
lalunmc