മാർച്ച് 10, 2017

ഭയശലഭങ്ങള്‍

ജാലകപ്പഴുതിനപ്പുറം പെരുമഴ പെയ്യുമ്പോള്‍,
അനാഥമായ് പറക്കുന്ന ശലഭങ്ങൾ നമ്മള്‍.
ഒന്നിരുട്ടിന്‍റെ ഗൂഡതയിൽ വെളിച്ചം തേടുമ്പോൾ.
ഒരാള്‍ പ്യുപ്പയാകാന്‍ തുടിക്കുന്ന ഗദ്ഗദപ്പറവ.

ഇവിടെ വസന്തം വാക്കുകളിൽ തളിരിട്ട്
പൂക്കളായ് കൊഴിഞ്ഞു പോകുന്നു
ആത്മബന്ധങ്ങൾ മറവിയുടെ
മാറാലമൂടിയൊരു കോണിൽ നിച്ഛലമുറങ്ങുന്നു.

അട്ടഹാസങ്ങൾ ചുറ്റിലും പെരുമ്പറ മുഴക്കുന്നു.
കുഞ്ഞുരോദനങ്ങളതില്‍  അലിഞ്ഞുതീരുന്നു.
ഭീതിയുടെ മിഴികൾ തീഷ്ണമായ് നോക്കുന്നു,
പ്രകൃതിയിൽ ഉഷ്ണകാറ്റ് ആഞ്ഞാഞ്ഞുവീശുന്നു.

ദാഹജലത്തിനായ് കൃമികൾ വാതുറക്കുന്നു.
മിഴിനീര് വറ്റിയ മനസുകൾ നിശ്ശബ്ദം കേഴുന്നു.
ഇവിടെ പൂവുകൾ റീത്തുകളായ് പരിണമിക്കുന്നു.
കുഴിമാടങ്ങൾ അഴുകിയ പൂവുകളാൽ നിറയുന്നു.

പ്രതീക്ഷയുടെ ഉറവകള്‍ വായമൂടി,
അറയ്ക്കുള്ളില്‍ അടിമയായിരിക്കുന്നു.
നെറുകയില്‍ അധികാരവാളുകള്‍ തൂങ്ങിയാടുന്നു.

ചുവന്നപ്രഭാതം സ്വപ്നത്തില്‍ തോക്കുമായ്,
പനനീര്‍ പുഷ്പത്തെ ഭയചിത്തനാക്കുന്നു.

ശലഭങ്ങൾ ആത്മനൊമ്പരത്തോടെ വിലപിക്കുന്നു.
പ്യുപ്പയിലേക്ക് തിരികെ മടങ്ങാൻ കൊതിക്കുന്നു.

ലാലു.രാധാലയം.


Related Posts

ഭയശലഭങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.