മാർച്ച് 14, 2022

പദയാത്ര.





പിരിയുവാൻ നേരം ഒരാൾവരും,
പതിയെ പരിഭവങ്ങൾ ഓരോന്നായ് ചൊല്ലും.
പറയുന്നത് ഓരോന്നും കേട്ടുകേട്ടവസാനം,
പദയാത്ര പോലും മറക്കും,
ജീവിതപദയാത്ര പോലും മറക്കും.

പിന്നിട്ട വഴികളിൽ കാണാതെ മറന്നവ,
മുന്നിലെ ശൂന്യതയിൽ വൃഥാതിരയുമ്പോൾ.
ഇഷ്ട സ്വപ്‌നങ്ങൾ ഹൃദയാന്തരങ്ങളിൽ,
പെരുമ്പറ കൊട്ടി കരയും,
വെറുതെ പരുമ്പറ കൊട്ടി കരയും.

ഓട്ടത്തിരക്കിൽ എങ്ങൊമറന്നൊരു,
എന്നിലെ എന്നെഞാനിന്നും തിരയും.
വഴിതെറ്റിയെങ്ങോ ഒരനാഥനെപ്പോലെ,
ഒറ്റയ്ക്ക് നിൽപ്പാകും ഇന്നും.
മൂകനായ് ഒറ്റയ്ക്ക് നിൽപ്പാകും ഇന്നും.

വഴിവക്കിലെങ്ങാനും കണ്ടാൽ സതീർത്ഥാ,
അരികത്ത് വന്നാ ചുമലിൽ തലോടി,
ഹൃദയസ്‌പന്ദനം തൊട്ടൊന്നറിയുക,
വിറയാർന്ന കരങ്ങളെ മെല്ലെ തലോടി,
വഴികാട്ടിയായ് നടക്കുക.
നീ വഴികാട്ടിയായി നടക്കുക.

............... ലാലു രാധാലയം .......
08/03/2022.

 

ജൂലൈ 23, 2021

പ്രണയോർമ്മകൾ.

ഒരിക്കലും വരാത്ത ഫോൺകാളും കാത്ത് ഇടനേരങ്ങളിൽ ഇരിക്കാറുണ്ട്.

ഇടയ്ക്കിടയ്ക്ക് എടുത്തുനോക്കി ദീർഘശ്വാസം എടുക്കുമ്പോൾ നിൻ സുഗന്ധം എന്നിലേയ്ക്ക് പ്രതീക്ഷയുടെ നറുമണം പോലെ എത്തിനോക്കാറുണ്ട്.

എന്നോ കണ്ടുമറന്ന ഒരോർമ്മചിത്രം പോലെ നിന്മുഖം ഇടയ്ക്കിടയ്ക്ക് തെളിഞ്ഞു വരാറുണ്ട്.

ഒരിക്കൽ നീ എന്നിലും ഞാൻ നിന്നിലും ഉണ്ടായിരിന്നു എന്ന് വെറുതെ ഇന്നും ഓർക്കാറുണ്ട്.

നാം നടന്ന വഴികളിൽ ഇന്നും ഇടയ്ക്കിടയ്ക്ക് ഞാൻ പോകാറുണ്ട്.

അകലെ മരച്ചില്ലയിൽ എവിടെയോ ഇരുന്നാ കുയിൽ "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലലോ" എന്ന ഗാനം നീ പഠിപ്പിച്ചപോലെ  ഇന്നും പാടാറുണ്ട്.

അപ്പോൾ എന്നുള്ളിൽ എവിടെയോ നീയൊരു വിദ്യുത് തരംഗമായ് ഉണർന്ന് മിഴികളിലൂടെ  ഒഴുകാൻ വിതുമ്പാറുണ്ട്.

എന്നിൽ നിന്ന് ഒരു ജലകണമായ് പോലും നിന്നെ ഉപേക്ഷിക്കാതെ ഇന്നും ഓർമ്മകളിൽ പ്രിയേ നീ പൂത്തുലഞ്ഞു നിൽക്കുന്നു. 

ഒരിക്കലും വരാത്ത ഫോൺകാളും കാത്ത് ഇടനേരങ്ങളിൽ ഇന്നും ഇരിക്കാറുണ്ട്.
ലാലു. രാധാലയം.

എഴുത്തുപുരകൾ.

www.facebook.com/loveapril15

www.instagram.com/vaiga_love_beats 

www.parasparam-lal.blogspot.com